പേരാവൂർ: കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ കുനിത്തല ശ്രീ ശിബിരത്തിൽ ശ്രീഹരി, കെ.വി വിപിൻ, ചെക്യോടൻ അക്ഷയ്, എന്നിവർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കുനിത്തല സ്വദേശികളായ രണ്ടു പേരെ പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരടക്കം ആറുപേർക്കെതിരെയാണ് കേസ്. ശ്രീഹരി എസ്.എഫ്.ഐ പേരാവൂർ ഏരിയാ സെക്രട്ടറിയാണ്.
മങ്ങംമുണ്ട ക്ഷേത്രോത്സവത്തിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സന്ദർശിച്ചു. ജില്ലയിലെ ക്ഷേത്രോത്സവങ്ങളിൽ ആർ.എസ്.എസ് ആസൂത്രിതമായി അക്രമം നടത്തുകയാണെന്നും ഒരു ഭാഗത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നടക്കുക, മറുഭാഗത്ത് അക്രമം ആസൂത്രണം ചെയ്യുക എന്നതാണ് ആർ.എസ്.എസ്സിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിയെ മർദ്ദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സി.പി ഷിജു, ജില്ലാ കമ്മിറ്റി അംഗം എം.എസ് അമൽ, ഏരിയാ പ്രസിഡന്റ് സുജീഷ്, സേബ ബാബു, വി.പി അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തി. കെ.വി രോഹിത്ത്, കെ.കെ ശ്രീജിത്ത്, എ. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. കുനിത്തലയിൽ നിന്ന് ആരംഭിച്ച പ്രകടനം പേരാവൂരിൽ സമാപിച്ചു.