കണ്ണൂർ: 'എന്തിനാ കുട്ടിയെ കൊന്നത്, ഞങ്ങൾക്ക് തന്നൂടായിരുന്നോ… ഇറക്കിവിട് അവളെ… നമ്മൾ കൈകാര്യം ചെയ്യാം…...... 'പൊലീസ് അവളെ വിട്ടയയ്ക്കണം ബാക്കി ഞങ്ങള് ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടിൽ ഇത്രയും ക്രൂരയായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങൾക്കും അപമാനമാണ്...
കാമുകനോടൊപ്പം ജീവിക്കാൻ ഒന്നരവയസുകാരനെ അരുംകൊല ചെയ്ത നീചയായ അമ്മയ്ക്കെതിരായ ജനരോഷം തിരമാല കണക്കെ ഇരമ്പിയാർക്കുകയായിരുന്നു. ശരണ്യയുമായി (24) പൊലീസ് ഇന്നലെ രാവിലെ തെളിവെടുപ്പിനെത്തിയപ്പോഴാണ് പ്രദേശവാസികളുടെ രോഷം അണപൊട്ടിയത്.
ഒമ്പതരയോടെ തയ്യിൽ കടപ്പുറത്ത് പൊലീസ് തെളിവെടുപ്പിനെത്തി. ശരണ്യയ്ക്ക് നേരെ നാട്ടുകാരുടെ കൈയേറ്റമുണ്ടാകുമെന്ന സൂചനയെ തുടർന്ന് മുൻകരുതലെന്ന നിലയിൽ നേരത്തെ തന്നെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പിന്നാലെ ശരണ്യയുമായി മൂന്നു ജീപ്പുകളിൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയപ്പോൾ സ്ത്രീകളടക്കമുള്ളവർ അസഭ്യവർഷവുമായി പാഞ്ഞടുത്തു.
'കുഞ്ഞിനെ കൊന്ന അമ്മയ്ക്കുള്ള ശിക്ഷ ഞങ്ങൾ വിധിക്കാമെന്ന് നാട്ടുകാരിൽ ചിലർ വിളിച്ചു പറയുന്നുണ്ടായിരുന്നു'.
എന്നാൽ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് യാതൊരു കൂസലുമില്ലാതെ ശരണ്യ കൊലപാതക രീതി പൊലീസിനോട് വിവരിച്ചു. ഈ സമയം വീടിനകത്ത് ശരണ്യയുടെ അമ്മ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വീടിന്റെ ഇടവഴിയിലൂടെ മൊബൈൽ വെട്ടവുമായി കടപ്പുറത്ത് കൊണ്ടുപോയതും കുട്ടിയെ എറിഞ്ഞ് കൊന്നതും പൊലീസ് ശരണ്യയിൽ നിന്ന് ചോദിച്ച് മനസിലാക്കി. 12 മിനിട്ടിൽ നടപടി പൂർത്തിയാക്കി മടങ്ങുമ്പോഴും പ്രതിക്ക് കുറ്റബോധത്തിന്റെ ഒരംശം പോലുമുണ്ടായിരുന്നില്ല. കൂക്കിവിളിച്ചാണ് ശരണ്യയ്ക്ക് നാട്ടുകാർ യാത്രഅയപ്പ് നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് കൊടുവള്ളി ഹൗസിൽ ഒന്നരവയസുകാരൻ വിയാനെ കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.