കണ്ണൂർ: മുത്തച്ഛനായ വത്സരാജിന് പേരമകനെ ലാളിച്ച് കൊതിതീർന്നിട്ടില്ല. വിയാന്റെ മരണം സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണെന്ന് സംഭവിച്ചതെന്നറിഞ്ഞ വാർത്ത ആ മുത്തച്ഛന്റെ നെഞ്ച് തകർത്തു. ക്രൂരകൃത്യം ചെയ്തവൾ തന്റെ മകളായിപ്പോയല്ലോ എന്ന ദുഃഖത്തിലാണ് വത്സരാജ്. വിയാനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് അച്ഛൻ വത്സരാജ് പറഞ്ഞു. 'അവളെ തൂക്കിക്കൊല്ലാൻ കൊടുക്കുന്നുണ്ടെങ്കിൽ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ഏട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവൾ നാളെ ഞങ്ങളെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്. കടലിൽ പണിയെടുത്താണ് അവളെ പൊന്നുപോലെ വളർത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെയൊരു പെൺകുട്ടി ഇനി ഭൂമിയിൽ ഉണ്ടാകാൻ പാടില്ല'.- വത്സരാജ് പറഞ്ഞു.