health

ജീവിത തിരക്കുകൾക്കിടയിൽ നാം പലതും ശ്രദ്ധിക്കാതെ വിടുന്നു. ശരീരത്തെ മറന്നുള്ള ഈ ജീവിതമാണ് എല്ലുകളെയും ബലക്ഷയത്തിലേക്ക് തള്ളിവിടുന്നത്. അവസാനം ഇതുസംബന്ധിച്ച പ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങുമ്പോഴായാരിക്കും ഇതേക്കുറിച്ച് ചിന്തിക്കുക. അപ്പോഴേക്കും പ്രായവുമേറിയിരിക്കും.

30 വയസ് വരെയാണ് എല്ലുകളുടെ വളർച്ചാ കാലഘട്ടമായി പറയുന്നത്. കുട്ടികളിൽ വളർച്ച മുരടിക്കുക, കൈകാലുകളിൽ വൈകല്യങ്ങൾ, കാലുകൾ വളയുക, നിൽപ്പ്, നടത്തം എന്നിവയിലുള്ള വൈകല്യം തുടങ്ങിയവ എല്ലുകളുടെ ആരോഗ്യക്കുറവിന്റെ ലക്ഷണങ്ങളാണ്. മുതിർന്നവരിലാകട്ടെ അസ്ഥിവേദന, പേശികളുടെ ബലക്ഷയം, നടുവേദന, ഇടുപ്പ് സന്ധികളിൽ വേദന, പേശികൾക്ക് ബലക്ഷയം കാരണം പടിക്കെട്ടുകൾ കയറാൻ പ്രയാസം എന്നിവ അനുഭവപ്പെടും.
കാത്സ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളുടെയും ഡി, കെ എന്നീ ജീവകങ്ങളുടെയും അപര്യാപ്തതയാണ് എല്ലുകളുടെ ബലക്ഷയമുണ്ടാക്കുന്നത്. മൂലകങ്ങളും ജീവകങ്ങളും നമ്മുടെ ശരീരത്തിൽ എത്തേണ്ടത് ഭക്ഷണത്തിലൂടെയാണെന്നതിനാൽ മതിയായ അളവിൽ ഇവയില്ലാത്ത ഭക്ഷണം തന്നെയാണ് രോഗത്തിനുള്ള ഒരു കാരണം. ചിലപ്പോൾ ഭക്ഷണത്തിൽ ഇവ അടങ്ങിയിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ ആഗിരണം ചെയ്യാതിരിക്കുന്നതുമാവാം. അന്നനാളം മുതലുള്ള ദഹനേന്ദ്രിയ അവയവങ്ങളിലാണ് ഇവ ആഗിരണം ചെയ്യേണ്ടത്.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് എല്ലുകളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്നത്. കുട്ടികളുടെ ഇളം എല്ലുകളെ പോലും ഇത് അപകടത്തിലാക്കുന്നു. ആവശ്യമായ അളവിൽ സൂര്യപ്രകാശം ഏൽക്കാത്തതാണ് വിറ്റമിൻ ഡിയുടെ കുറവിന് കാരണമാകുന്നത്. ഇതൊക്കെ നിസാരമായി പരിഹരിക്കാനാകുന്ന പ്രശ്നമാണെങ്കിലും ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല. ഗർഭിണികളിലും ഇത് പ്രധാനകാര്യമാണ്. ഗർഭസ്ഥശിശുവിന്റെ കാത്സ്യം ആഗിരണത്തെപോലും ബാധിക്കും.

കുട്ടികൾ പുറത്തിറങ്ങി കളിക്കാതെ വീട്ടിനകത്തുതന്നെ കമ്പ്യൂട്ടർ, വീഡിയോ ഗെയിം, ടി.വി എന്നിവയ്ക്ക് മുൻപിലായിരിക്കുന്നത് വൈറ്റമിൻ ഡിയുടെ അഭാവത്തിന് കാരണമാകുന്നു.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്

ഫോൺ: 9544657767.