കണ്ണൂർ: മകനെ പാറയിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന ശരണ്യ നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിക്കുന്നത് ഇതാദ്യമല്ല. പഠനകാലത്തെ പ്രണയമാണ് വിയാന്റെ പിതാവ് പ്രണവുമായുള്ള ജീവിതത്തിലേക്ക് ശരണ്യയെ എത്തിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും സൗഹൃദത്തിന്റെ തുടക്കം. 18 വയസ് തികഞ്ഞ് അധികം വൈകാതെ ഒരു ദിവസം ശരണ്യ വീട് ഉപേക്ഷിച്ചുപോവുകയായിരുന്നു. മകളെ കാണാതെ വിവശനായി അന്ന് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ ശരണ്യയുടെ പിതാവ് വത്സനെത്തി. പരാതിയോടൊപ്പം മകൾ നിരന്തരമായി ബന്ധപ്പെടാറുണ്ടായിരുന്ന യുവാവിന്റെ ഫോൺ നമ്പറും അദ്ദേഹം പൊലീസിന് നല്കി. ഈ ബന്ധത്തിൽ വീട്ടിൽ നേരത്തെ എതിർപ്പുണ്ടായിരുന്നുവെങ്കിലും ശരണ്യ ഇങ്ങനെ പോകുമെന്ന് വത്സൻ കരുതിയതല്ല.
രാത്രി തന്നെ പൊലീസ് പ്രണവിനെയും ശരണ്യയെയും പൊക്കി സ്റ്റേഷനിലെത്തിച്ചെങ്കിലും ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തതായി അറിയിക്കുകയായിരുന്നു. തനിക്ക് പ്രണവിനൊപ്പം പോകണമെന്ന് പറഞ്ഞതോടെ ഇഷ്ടാനുസരണം പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതോടെ ശരണ്യയുടെ പിതാവ് വത്സനും മാതാവ് റീനയും മകളെ തള്ളി. പ്രണവിന്റെ വീട്ടുകാരും അകറ്റിയതോടെ വാടക വീട്ടിലായി താമസം. പിന്നീട് പ്രണവ് ജോലിക്കായി വിദേശത്തേക്ക് പോയപ്പോൾ ഗർഭിണിയായ ശരണ്യ ഒറ്റയ്ക്കായെന്ന് പറഞ്ഞാണ് വത്സനും റീനയും മകളെ തയ്യിലിലെ കൊടുവള്ളി വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത്.
അന്ന് മുതൽ മാതാപിതാക്കൾക്കൊപ്പമാണ് ശരണ്യയുടെ താമസവും. ഈ വീട്ടിൽ തന്നെയാണ് വിയാൻ ജനിച്ചതും വളർന്നതും. അവനെ മുത്തച്ഛനും മുത്തശ്ശിയും താഴെവയ്ക്കാതെയാണ് വളർത്തിയത്. വിയാന്റെ അച്ഛൻ പ്രണവ് വല്ലപ്പോഴുമേ ഈ വീട്ടിൽ വരാറുള്ളൂ. എന്നാൽ ശരണ്യയ്ക്ക് ഇടയ്ക്ക് പണം നല്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച വന്നപ്പോഴും 2000 രൂപ പ്രണവ് നല്കിയിരുന്നുവത്രെ. എന്നാൽ വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയ പ്രണവും ശരണ്യയും മൂന്ന് വർഷത്തെ ജീവിതംകൊണ്ട് തന്നെ ഏറെ അകന്നിരുന്നു. ഇതിനിടയിൽ ശരണ്യ ഫേസ്ബുക്ക് വഴി തന്നെ പ്രണവിന്റെ ഒരു സുഹൃത്തുമായി അടുക്കുകയായിരുന്നു. ഇയാളെ വിവാഹം ചെയ്യാനാണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പൊലീസിനോട് സമ്മതിച്ചത്.
വല്ലപ്പോഴും തന്നെ കാണാനെത്തുന്ന ഭർത്താവ് പ്രണവ് കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയപ്പോൾ പിതാവ് വത്സൻ കടലിൽ പോയിരിക്കുന്നത് നല്ല അവസരമായി അവൾ കണ്ടു. എല്ലാം ആസൂത്രിതമായാണ് ചെയ്തത്. പ്രണവിനെ നിർബന്ധിച്ച് അന്നുരാത്രി വീട്ടിൽ നിറുത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തി കുറ്റം ഭർത്താവിന്റെ തലയിലാക്കിയാൽ കാമുകനൊപ്പം സ്വസ്ഥമായി ജീവിക്കാമെന്ന് ശരണ്യ കണക്കുകൂട്ടുകയായിരുന്നു. എന്നാൽ പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ ഈ കണക്കുകൂട്ടലുകൾ പാടെ പിഴച്ചു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ശരണ്യയുടെ സ്വഭാവത്തിൽ ചില താളപ്പിഴകളുണ്ടായിരുന്നതായി സഹപാഠികൾ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവൾ സ്വന്തം കുഞ്ഞിന്റെ കൊലപാതകിയാകുമെന്ന് ആരും കരുതിയില്ല. ഉറങ്ങി കിടന്ന വിയാനെ ഉറക്കമുണർത്താതെ ചുമലിൽ കിടത്തി മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഇടവഴിയിലൂടെ ശരണ്യ വീട്ടിൽ നിന്ന് കടൽത്തീരത്തേക്ക് നീങ്ങിയത്. കുഞ്ഞിനെ വലിച്ചെറിയുമ്പോഴും യാതൊരു ചാഞ്ചല്യവും ആ മനസിലുണ്ടായില്ല. രാവിലെ കുഞ്ഞിനെ കാണാതായെന്ന് പറഞ്ഞ് തെരച്ചിൽ നടത്തിയപ്പോഴും അവൾ ഉള്ളിലെ മൃഗത്തെ ആർക്ക് മുന്നിലും വെളിപ്പെടുത്തിയില്ല.
നാട്ടുകാർ മുഴുവൻ സംശയിച്ചത് പ്രണവിനെയായിരുന്നു. എന്നാൽ മൊബൈൽ ഫോണിലെ കാൾ- ചാറ്റിംഗ് വിവരങ്ങൾ പൊലീസ് കണ്ടെത്തിയതോടെയാണ് കള്ളങ്ങൾ പൊളിഞ്ഞത്. ശരണ്യയുടെ വസ്ത്രം പരിശോധിച്ച് കടൽവെള്ളത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പിടിവീണു. '' വിയാൻ എപ്പോഴും എന്റെ കൂടെയായിരുന്നു ഉണ്ടാവാറ്. പൊന്നുമോനെ ഇല്ലാതാക്കിയ അതേരീതിയിൽ അവളും ഇല്ലാതാകണം. അല്ലെങ്കിൽ എപ്പോഴെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ അവൾ എന്റെ ജീവനും എടുത്തെന്ന് വരും. സംഭവം നടക്കുമ്പോൾ താൻ പുറംകടലിൽ മത്സ്യബന്ധനത്തിലായിരുന്നു. വിവരം ലഭിച്ച ഉടൻ കരയെ ലക്ഷ്യമാക്കി കുതിച്ചു. എന്നാൽ പൊന്നോമനയുടെ സംസ്കാരം നടത്താനായിരുന്നു വിധി. ഞാൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നും സംഭവിക്കുമായിരുന്നില്ല.-ശരണ്യയുടെ പിതാവ് വത്സൻ പറഞ്ഞു.