കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ ആയിത്തറയിൽ അജൈവ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ശുചിത്വമിഷന്റ സഹായത്തോടെയാണ് തുടക്കം. കുടുംബശ്രീ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ ശുചീകരിച്ചാണ് സംഭരണ കേന്ദ്രത്തിലെത്തിക്കുന്നത്. ഇവ യന്ത്ര സഹായത്തോടെ സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കും. മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് പഞ്ചായത്ത് വികസന ഫണ്ടിൽ ഉൾപ്പെടുത്തി സംഭരണ കേന്ദ്രം സ്ഥാപിച്ചത്. ആയിത്തറ മമ്പറത്ത് സ്ഥാപിച്ച മാലിന്യ സംഭരണ കേന്ദ്രം മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ആർ. ഷീല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ കൃഷ്ണൻ, സി.പി ദാമോദരൻ, കെ. സന്ധ്യാ ലക്ഷ്മി, ടി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.