പാലക്കുന്ന്: തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം കൊടിയിറങ്ങി. വൈകുന്നേരം ക്ഷേത്രത്തിൽ നിന്ന് തൃക്കണ്ണാടപ്പനെയും ശാസ്താവിനെയും കുതിരക്കാളിയമ്മയെയും വഹിച്ചു കൊണ്ട് പുറപ്പെട്ട എഴുന്നള്ളത്ത് ഘോഷയാത്ര വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീടിന് മുമ്പിലെത്തിയപ്പോൾ ക്ഷേത്ര കർമ്മികൾ വന്ദന ചെയ്ത് വണങ്ങി. അപ്പോൾ തന്നെ കരിപ്പോടി തിരൂർ മുച്ചിലോട്ട് നർത്തകന്മാരും കർമ്മികകളും പാലക്കുന്നിൽ വെച്ച് പരിവാരസമേതം എഴുന്നള്ളത്തിനെ ആറാട്ട് കടവിലേക്ക് അനുഗമിച്ചു. ആറാട്ട് കുളിയും മറ്റ്‌ അനുബന്ധ പൂജാകർമ്മങ്ങളും പൂർത്തിയാക്കി എഴുന്നള്ളത്ത് കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രത്തിലെത്തി. അവിടത്തെ ആചാര ചടങ്ങുകൾക്ക് ശേഷം വെടിത്തറക്കാലിൽ എതിരേൽപ്പും കട്ടയിൽ പൂജയും കഴിഞ്ഞ് എഴുന്നള്ളത്ത് തൃക്കണ്ണാടേക്ക് പുറപ്പെട്ടു.

പാലക്കുന്നിൽ നിന്ന് കെട്ടിച്ചുറ്റിയ കർമ്മികൾ തിരുവായുധങ്ങളുമായി എതിരേറ്റ് മേലാപ്പും കുടയും കൈവിളക്കുമായി എഴുന്നള്ളത്തിനെ തൃക്കണ്ണാടേക്ക് അനുഗമിച്ചു. അവിടെ പ്രദക്ഷിണം പൂർത്തിയാക്കി തിടമ്പുകൾ കിഴക്കേകട്ടയിൽ വെച്ചു.ഭജനയും ആലാപനങ്ങളും കഴിഞ്ഞ് തൃക്കണ്ണാടപ്പന്റെ തിടമ്പ്നൃത്തത്തിന് ശേഷം എട്ട് ദിവസം നീണ്ട ഉത്സവത്തിന് കൊടിയിറക്കി. ഇന്ന് രാത്രി പാലക്കുന്നിൽ ഭരണിക്ക് കൊടിയേറ്റും.