കാഞ്ഞങ്ങാട്: ഡാറ്റാ ബാങ്ക് കുരുക്ക് അടുത്തകാലത്തൊന്നും അഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായി. നഗരസഭയുടെ കൃഷിഭവനിൽ 7200 അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ഉദ്യോഗസ്ഥർക്ക് വന്ന കൈപ്പിഴയിൽ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. കോട്ടച്ചേരി മുതൽ നീലേശ്വരം നഗരസഭാ അതിർത്തിയിൽ പടന്നക്കാട് തോട്ടത്തിന് പടിഞ്ഞാറ് വശത്തുള്ളതും പറമ്പായി നിലവിൽ വീടു നിർമ്മിച്ച് താമസിക്കുന്നതുമായ പ്രദേശങ്ങളാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളത്. സർക്കാർ നിശ്ചയിച്ച പറമ്പിന്റെ ഫെയർ വാല്യു പ്രകാരം ആധാരവുമായി നഗരസഭയിൽ ചെന്നാൽ വീട് നിർമ്മിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നില്ല. നിലവിലുള്ള വീട് പുതുക്കിപണിയാനോ പുതുതായി വീടു നിർമ്മിക്കാനോ കഴിയുന്നില്ല.
2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2018 ഡിസംബർ 15 ന് ഗവൺമെന്റ് ഭേദഗതി ചെയ്തതാണ്. 2008 നു മുമ്പ് പറമ്പായിട്ടുള്ള പ്രദേശങ്ങൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിനു വേണ്ടി ആർ ഡി ഒ ക്ക് പരാതി നൽകാം. ഇങ്ങനെ നൽകിയ പരാതികളാണ് കഴിഞ്ഞ രണ്ടര വർഷമായി ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്നത്.പരാതികളിൽ 600 എണ്ണത്തിലെങ്കിലും ഈ മാസം 29 ന് മുമ്പ് തീർപ്പുണ്ടാക്കിയിരിക്കണമെന്ന് ആർ ഡി ഒ കൃഷി ഓഫീസർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്.
കൃഷിഭവൻ തീർപ്പാക്കിയാൽ തന്നെ നഗരസഭ ചെയർമാനും കൃഷി ഓഫീസറും വില്ലേജ് ഓഫീസർമാരും ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്യണം. എന്നാൽ മാത്രമേ അത്രയും ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാകൂ. സംസ്ഥാന സർക്കാരിന് വിവിധ ഭവന പദ്ധതികൾ ഉണ്ടെങ്കിലും അതൊന്നും ഇവർക്ക് ലഭിക്കുന്നില്ല. കാരണം കുറ്റമറ്റ രേഖകൾ ഇല്ലെന്നതു തന്നെ. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ,ജില്ല കളക്ടർ ,ആർ ഡി ഒ എന്നിവർക്കൊക്കെയും പരാതികൾ നൽകിയിട്ടുണ്ട്.
ജനകീയ കൂട്ടായ്മ 22 ന്
കാഞ്ഞങ്ങാട്: ഡാറ്റാ ബാങ്കിലുൾപ്പെട്ടവരുടെ ജനകീയ കൂട്ടായ്മ ഈ മാസം 22 ന് വൈകുന്നേരം മൂന്നു മണിക്ക് ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേരുമെന്ന് കർമ്മ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം കുഞ്ഞമ്പാടി ,കെ കൃഷ്ണൻ ,ഭാനു, സി മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.