കാസർകോട്: സി.പി.ഐ റവന്യൂ സ്റ്റാഫ് അസോസിയേഷൻ ഇന്നലെ നടത്തിയ പണിമുടക്ക് നേരിടാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ കരിനിയമം കൊണ്ടുവന്നത് വിവാദമായി. ഡയസ്നോൺ ബാധകമാക്കി പൊതുഭരണ (രഹസ്യവകുപ്പ് വിഭാഗം ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ ഉത്തരവാണ് എൽ. ഡി. എഫിൽ വിവാദമായത്. സിപിഎം കൈകാര്യം ചെയ്യുന്ന ധനവകുപ്പിന് എതിരാണ് സിപിഐ സർവീസ് സംഘടനയുടെ പണിമുടക്കെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നടപടി . 18 ന് വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് ഡി ജി പിക്കും എല്ലാ ജില്ലാ കളക്ടർമാർക്കും എസ് പിമാർക്കും ലഭിച്ചത്.
വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജനസൗഹൃദമാക്കുക, 10ാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ തസ്തികയായി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പള വർദ്ധനവ് അനുവദിക്കുക, വി.എഫ്.എ, ഒ.എമാരുടെ പ്രമോഷൻ ക്വാട്ട 15:10 ആയി ഉയർത്തുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സി പി ഐ യൂണിയൻ ഇന്നലെ പണിമുടക്കിയത്.
എന്നാൽ ജീവനക്കാർക്ക് യാതൊരുവിധ അവധിയും അനുവദിക്കരുതെന്നാണ് സർക്കാർ, കളക്ടർമാർക്ക് ഉത്തരവ് നൽകിയത്.അസുഖം, പ്രസവം, പരീക്ഷ നടത്തിപ്പ്, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രം അവധി നൽകിയാൽ മതിയെന്നും ഉത്തരവിലുണ്ട്. അവധി അനുവദിച്ചതിന്റെ കണക്കും അവധിക്കുള്ള ന്യായീകരണവും റവന്യു വകുപ്പ് പൊതുഭരണവകുപ്പിന് നൽകണം. പണിമുടക്ക് ദിവസം ഹാജരാകാത്ത ജീവനക്കാരുടെ പേരും തസ്തികയും ഉടൻ എത്തിക്കണം. പണിമുടക്ക് ദിവസത്തെ ശമ്പളം മാർച്ച് മാസത്തെ ശമ്പളത്തിൽ കുറവ് ചെയ്യണമെന്നും ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നുമുള്ള കർശന നിർദ്ദേശമാണ് ഉത്തരവിലുള്ളത്.