കാസർകോട്: പുഴയിലേക്ക് അനധികൃത റോഡുകളുണ്ടാക്കി വ്യാപക മണൽക്കടത്ത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പുഴയിലേയ്ക്ക് റോഡ് നിർമ്മിച്ചത്. ഓമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപത്തെ ബങ്കര മഞ്ചേശ്വരം പുഴയിലേക്കും റോഡുണ്ടാക്കി മണൽ കടത്തുന്നത് പതിവായിരിക്കുകയാണ്. മഞ്ചേശ്വരം ഹാർബറിൽ നിന്ന് രാത്രി കാലങ്ങളിൽ മണൽക്കടത്ത് പതിവായതോടെ നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രികാല മണൽക്കടത്ത് തടയുന്നതിനായി പൊലീസുകാരടങ്ങുന്ന ഒരു ബസ് ഉപ്പള ടൗണിൽ നിരീക്ഷണത്തിനായി ഏർപ്പെടുത്തി. ഈ ബസ് പിന്നീട് ഉപ്പള റെയിൽവെ ഗേറ്റിന് സമീപം പതിവായി നിറുത്തിയിടുകയായിരുന്നു.

ഉപ്പള ഗേറ്റിന് മുന്നിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെയാണ് ബസ് നിറുത്തിയിട്ടിരുന്നത്. ഇതിനിടെ മണൽക്കടത്തുകാർ മുസോടി ഷാഫിനഗർ വഴി പുഴയിലേക്ക് റോഡുണ്ടാക്കുകയായിരുന്നു. ഈ റോഡിന് ഉപ്പള ഗേറ്റുമായി ബന്ധമില്ല. ദേശീയ പാതയുമായാണ് അനധികൃത റോഡ് ബന്ധിപ്പിച്ചത്. ദേശീയപാതക്ക് താഴെയാണ് പുഴ. പുഴയിൽ നിന്ന് മണൽ കയറ്റി വരുന്ന വാഹനങ്ങൾ ദേശീയ പാതയിലേക്ക് കയറിപ്പോകാൻ പാകത്തിലാണ് റോഡ്. റോഡുണ്ടാക്കിയതോടെ ഈ ഭാഗത്ത് അനധികൃത മണൽക്കടത്ത് വർദ്ധിച്ചുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.