മലയാള ഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമ്മൻ ഭാഷാ പണ്ഡിതനാണ് ഹെർമൻ ഗുണ്ടർട്ട് .അതു കൊണ്ട് തന്നെ ഗുണ്ടർട്ടിന്റെ പ്രവർത്തന കേന്ദ്രമായിരുന്ന തലശേരിയിൽ ഉചിതമായ സ്മാരകം വേണമെന്നത് ഭാഷാപ്രേമികളുടെ ചിരകാല ആവശ്യമായിരുന്നു. നാല് മാസത്തിനുള്ളിൽ അത് യാഥാർത്ഥ്യമാകും.
ടൂറിസം വകുപ്പാണ് പൈതൃക നഗരം പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ടിന്റെ ബംഗ്ളാവ് സംരക്ഷിച്ച് മ്യൂസിയവും ഭാഷാപഠന കേന്ദ്രവുമാക്കുന്നത്. രണ്ട് കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്.കഴിഞ്ഞ വർഷമാണ് ഗുണ്ടർട്ട് മ്യൂസിയത്തിന്റെ നിർമ്മാണം തുടങ്ങിയത്.
മംഗലാപുരത്ത് ബാസൽ മിഷന്റെ മ്യൂസിയത്തിൽ ഗുണ്ടർട്ട് ഉപയോഗിച്ചിരുന്ന കല്ലച്ചിന്റെയും മറ്റും മാതൃകകൾ തയ്യാറാക്കി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ തലശേരിയിൽ നിന്നും മറ്റും ഗുണ്ടർട്ട് ശേഖരിച്ച താളിയോലകളും പയ്യന്നൂർ പാട്ട് പോലുള്ള ഓലക്കെട്ടുകളും വിലപിടിപ്പുള്ള രേഖകളും മ്യൂസിയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബ്രിട്ടീഷ് കമ്പനി അധികൃതരുമായി നടത്തിയ കത്തിടപാടുകളും മ്യൂസിയത്തിൽ എത്തിക്കും.
ജർമ്മനിയിലെ വിവിധ സർവകലാശാലകളുമായി സഹകരിച്ചാണ് ഭാഷാപഠന കേന്ദ്രം തയ്യാറാക്കുക.
1839 മാർച്ച് 21 ന് 25 വയസ്സുള്ളപ്പോഴാണ് ഗുണ്ടർട്ട് കുടുബ സമേതം തലശേരിയിലെത്തുന്നത്. നാല്പത്തിയഞ്ചാമത്തെ വയസിൽ നാട്ടിലേക്ക് മടങ്ങി.ഈ കാലഘട്ടത്തിൽ ഗുണ്ടർട്ട് മലയാളത്തിന് നൽകിയ സംഭാവനകൾ മുഴുവൻ ഈ മ്യൂസിയത്തിലുണ്ടാവും.
C