ചെറുവത്തൂർ: പിള്ളേരു കളി അനുഷ്ഠാന കർമ്മത്തിന് വഴിതെളിയിച്ച പിള്ളേരുടെ ഒറ്റക്കോലം 22 ന് അരങ്ങിലെത്തും. അച്ചാംതുരുത്തി കത്യന്റെ മാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രത്തിലാണ് ഈ തെയ്യം കെട്ട് അരങ്ങേറുക. മഹാശിവരാത്രിയോടനുബന്ധിച്ചുള്ള ക്ഷേത്ര ചടങ്ങുകളിലെ പ്രധാന തെയ്യക്കോലമാണ് ഒറ്റക്കോലം.

പ്രാചീന കാലത്ത് ശിവരാത്രി ദിനത്തിൽ ഉറക്കൊഴിക്കാൻ കുട്ടികൾ വെളിച്ചെങ്ങ നെരുപ്പാക്കിയും, വാഴപ്പോള കൊണ്ട് ക്ഷേത്രം നിർമ്മിച്ചും മുരിക്കിന്റെ കൊമ്പു വാൾ ഉണ്ടാക്കിയും തെയ്യം കെട്ട് കളിച്ചിരുന്നു.ഇത് മുതിർന്നവരുടെ ശകാരത്തിന് ഇടയാക്കിയതോടെ കുട്ടികളുടെ തെയ്യംകളി നിന്നു. എന്നാൽ ഇതേ തുടർന്ന് പ്രദേശത്ത് മഹാമാരി പടർന്നത് ദുഃസൂചനയാണെന്നതും തുടർന്ന് നടന്ന പ്രശ്ന ചിന്തയിൽ ഇവിടെ ദൈവസാന്നിദ്ധ്യം ഉണ്ടെന്നും കുട്ടികളുടെ ഒറ്റക്കോലം തുടരണമെന്നും തെളിഞ്ഞു. പിന്നീടാണ് പിള്ളേരുടെ ഒറ്റക്കോലമെന്ന പേരിൽ തെയ്യം കെട്ടിയാടിക്കാൻ തുടങ്ങിയത്. 21 ന് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള കലശം കുളിച്ചു വരവോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കം. 22 ന് പുലർച്ചെ 5 മണിക്കാണ് പിള്ളേരുടെ ഒറ്റക്കോലത്തിന്റെ കനലാട്ടം നടക്കുക.