ഇരിട്ടി: ഇരിട്ടി പട്ടണത്തിൽ ഇന്ന് മുതൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കരണത്തോട് സഹകരിക്കുമെന്ന് ഓട്ടോ തൊഴിലാളികൾ. നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പിന്തുണ അറിയിച്ചത്. ഇരിട്ടി ടൗണിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും യോഗം ഇരിട്ടി ഫാൽക്കൺ ഫ്ലാസ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്തിരുന്നു. ചെയർമാൻ പി.പി അശോകന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ടൗണിലെ ട്രാഫിക് പരിഷ്‌കരണത്തോട് പൂർണമായും സഹകരിക്കാനും ഇരിട്ടി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് നമ്പർ സംവിധാനവും പാർക്കിംഗ് സംവിധാനം ഒരുക്കാനും തീരുമാനയായി. യോഗത്തിൽ ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരി, വിവിധ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ.സി സുരേഷ് ബാബു, വി.വി ചന്ദ്രൻ, വിജേഷ് അബ്രഹാം,കെ. അഷറഫ് തുടങ്ങിയവർ സംസാരിച്ചു.