പാപ്പിനിശേരി: ദേശീയ പാതയിൽ വേളാപുരം പാലത്തിന് സമീപത്ത് സ്വകാര്യ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ഒരേ ദിശയിൽ പോകുകയായിരുന്നു ഇരു ബസുകളും. സീബ്രാലൈനിലൂടെ കാൽ നടയാത്രക്കാരൻ കടന്നു പോകുന്നതിനിടെ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ പിന്നിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. മേരി(60) വെള്ളരിക്കുണ്ട്, ലക്ഷ്മി പാണപുഴ (67), കാഞ്ചന പാണച്ചാൽ (40), മാത്യു കാലിക്കടവ് (60)എന്നിവർക്കും മറ്റൊരു യാത്രക്കാരനും പരിക്കേറ്റു.