asthma

ആസ്ത്മ നമുക്കിടയിൽ പലരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി കാണാം. ആയുർവേദത്തിൽ ആസ്ത്മയ്ക്ക് (തമകശ്വാസം) കാരണമായി പറയുന്നത് ആഹാരവിഹാരങ്ങളിലുള്ള തകരാറുകളാണ്. അതോടൊപ്പം അന്തരീക്ഷത്തിലെ പൊടിപടലങ്ങളും അലർജിയും രോഗ കാരണമാകും.

ചുമയും ശ്വാസതടസവുമാണ് മുഖ്യലക്ഷണങ്ങൾ. രോഗികളിൽ പലരും ശ്വാസംമുട്ടലോടെ ഉറക്കമുണരും. വല്ലാതെ വിഭ്രാന്തി കാട്ടുകയും ചെയ്യും. വായ്‌ വരൾച്ച, വരണ്ട ചുമ, സംഭ്രമം, സംസാരിക്കാനുള്ള വിഷമം, നെഞ്ചിന് പിടുത്തം അല്ലെങ്കിൽ മുറുക്കം എന്നിവയും രോഗ ലക്ഷണമായി കാണാം. ചുമയോടൊപ്പമോ അല്ലാതെയോ ഉള്ള കുറുങ്ങൽ ആസ്തമയുടെ മറ്റൊരു ലക്ഷണമാണ്. നെഞ്ചിലും പാർശ്വങ്ങളിലും വേദന അനുഭവപ്പെടും.

മൂക്കടപ്പ്, ഭക്ഷണത്തിൽ താല്പര്യമില്ലായ്മ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ചുമച്ച് കഫം തുപ്പിപ്പോയാൽ രോഗിക്ക് അല്പം ആശ്വാസം തോന്നും. കിടന്നാൽ ശ്വാസം മുട്ടൽ അധികമായി അനുഭവപ്പെടുന്നതിനാൽ രോഗി രാത്രിയായാലും ഇരിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിക്കും. മഴ, തണുത്ത കാറ്റ്, തണുത്ത ആഹാരങ്ങൾ എന്നിവ ആസ്ത്മ രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കും.

ആരോഗ്യമുള്ള വ്യക്തിയിൽ രോഗാരംഭത്തിൽ തന്നെ ചികിത്സ നല്കുകയാണെങ്കിൽ രോഗം പൂർണമായി മാറ്റിയെടുക്കാനാകും. വ്യക്തിയുടെ മാനസികാരോഗ്യവും ആസ്ത്മയിലെ മുഖ്യഘടകമാണ്. മാനസിക ദൗർബല്യങ്ങൾ പരിഹരിക്കുകയും അമിതമായ ഉൽകണ്ഠ, ദേഷ്യം എന്നിവ ഒഴിവാക്കുകയും വേണം. രോഗക്ക് തണുത്ത ഭക്ഷണപദാർത്ഥങ്ങൾ നല്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടപഴകുന്ന സ്ഥലങ്ങളിലെ പൊടി പരമാവധി ഒഴിവാക്കുക. ശ്വസനവ്യായാമം പരിശീലിക്കുന്നതും ഉചിതമാകും.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്

ഫോൺ: 9544657767