പയ്യന്നൂർ: മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ അഞ്ച് ദിവസം നീളുന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 22ന് ആരംഭിക്കും. തന്ത്രി അബ്ലി വടക്കേ ഇല്ലത്ത് ശങ്കരവാദ്യാൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. വൈകീട്ട് 4ന് തന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. വൈകീട്ട് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം കോയ്മ കെ.വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിക്കും. പറയം കുന്നത്ത് ശശീന്ദ്രൻ അന്തിത്തിരിയൻ ഭദ്രദീപം തെളിക്കും. ക്ഷേത്രത്തിൽ 25 വർഷക്കാലമായി പൂരക്കളിയിൽ നേതൃത്വം വഹിക്കുന്ന തെക്കിനിയിൽ മോഹനനെയും വിവിധ തലങ്ങളിൽ പ്രവർത്തിച്ച മുൻകാല പ്രവർത്തകരെയും ആദരിക്കും. രാത്രി 8 മണിക്ക് ഭക്തിഗാനമേളയും 24ന് രാത്രി 8ന് ഡ്രാമാറ്റിക് വിൽകലാമേളയും അരങ്ങേറും. 26ന് രാവിലെ 8ന് പ്രതിഷ്ഠകർമ്മം നടക്കും.