കൂത്തുപറമ്പ്: പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് ആദിവാസി കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. ഒരു കോടി രൂപയുടെ വികസന പദ്ധതികൾ കോളനിയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. കോളനിയിലെ ശോചനീയാവസ്ഥയെപ്പറ്റി കേരളകൗമുദി ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അടിയന്തിര നടപടി. പാട്യം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട അമ്മാറമ്പ് ആദിവാസി കോളനിയിയുടെ മുഖച്ചായ മാറ്റുന്ന വിധത്തിലുള്ള പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയത്. കോളനിയിലുള്ള പതിനൊന്ന് വീടുകളിൽ കുടിവെള്ളം, വൈദ്യുതി എന്നിവ എത്തിക്കുന്നതോടൊപ്പം അടിസ്ഥാന വികസനത്തിലുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്ന് പാട്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്രീലത അറിയിച്ചു. അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പ് മുട്ടുന്ന അവസ്ഥയിലായിരുന്നു കോളനിയിലെ വീടുകൾ. ആകെയുള്ള കിണറിന് സമീപം പമ്പ് ഹൗസും കൂറ്റൻ വാട്ടർ ടാങ്കും സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം ആരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് കുടിവെള്ളം ചുമന്ന് എത്തിക്കേണ്ട സ്ഥിതിയിലായിരുന്നു കോളനിവാസികൾ. ഇക്കാര്യം ഏതാനും നാൾ മുൻപ് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാരിന്റെ അടിയന്തിര ഇടപെടൽ. വരൾച്ച ആരംഭിക്കുന്നതിന് മുൻപ് അമ്മാറമ്പ് കോളനിയിലെ കുടിവെള്ള വിതരണ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികൾ.