ഇരിക്കൂർ : ഇനിയില്ലെന്ന് കരുതിയ നിമിഷങ്ങളിൽ നിന്ന് അതിജീവനകരുത്തുമായി മുന്നേറിയ നായാട്ടുപാറയിലെ കെ. സി. ഐശ്വര്യ ഒരു വിസ്മയം തന്നെയാണ് .നട്ടെല്ല് വളയുന്ന സ്‌കോളിയോസിസ് എന്ന രോഗം ബാധിച്ച് വീൽചെയറിൽ കഴിയുന്ന ഈ 19കാരി ഇത്തവണത്തെ പത്താംക്ലാസ് തുല്യതാ പരീക്ഷ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയാണ് മികവ് തെളിയിച്ചത്.
ഇരിക്കൂർ നായാട്ടുപാറയിലെ രജിതാലയത്തിലേക്ക് എത്തുന്നവരെ ആത്മവിശ്വാസത്തോടെ സ്വീകരിക്കും ഈ കുട്ടി. ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി . സംസാരത്തിനിടയിൽ ഇടയ്ക്കിടെ കയറി വരുന്ന നിഷ്‌കളങ്കമായ പൊട്ടിച്ചിരി. അല്പനേരം ആ വാക്കുകൾ കേട്ടിരുന്നാൽ പോസിറ്റീവ് ചിന്തകൾ കൊണ്ട് കേൾവിക്കാരുടെ മനസ്സ് നിറയും. നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുന്ന പ്രായത്തിൽ തന്നെ രോഗം വില്ലനായെത്തിതിന്റെ കഥകൾ പറയുമ്പോഴും അവളുടെ കണ്ണുകൾ തിളങ്ങും.

അപൂർവ്വരോഗമെത്തിയത് ഏഴാം വയസ്സിൽ:
ഏഴുവയസ്സുള്ളപ്പോഴായിരുന്നു ഐശ്വര്യയെ തേടി അപൂർവ രോഗമെത്തിയത്. ശരീരം ഒരു വശത്തേക്കു വളഞ്ഞ രീതിയിൽ നടക്കുന്നതിനെ പറ്റി പലരും പറഞ്ഞപ്പോഴും നട്ടെല്ല് വളയുന്ന സ്‌കോളിയോസിസ് രോഗമാണതെന്ന് അറിയുമായിരുന്നില്ല. തിരിച്ചറിഞ്ഞപ്പോഴേക്കും രോഗത്തിന്റെ സ്വഭാവവും മാറിയിരുന്നു. സുഷുമ്‌ന നാഡിയെ വരെ രോഗം ബാധിച്ചപ്പോൾ ചികിത്സയും മരുന്നുകളും മാത്രമായി അച്ഛനും അമ്മയും സഹോദരനും അമ്മമ്മയും ധൈര്യം നൽകി. ശസ്ത്രക്രിയ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതിനാൽ ആ ചിന്തയും ഉപേക്ഷിച്ചു. ഏഴാം തരം കഴിഞ്ഞുള്ള അവധിക്കാലത്ത് വീണ്ടും രോഗത്തിന്റെ പരീക്ഷണം. കാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടു. ചെരുപ്പ് ഊരിപ്പോയതോ കാല് മുറിഞ്ഞ് ചോരയൊലിക്കുന്നതോ അറിയാതെയായി. പിന്നീട് പൂർണ്ണമായും വീൽചെയറിൽ . സ്കൂളിൽ അങ്ങനെ സ്വപ്നങ്ങളിൽ മാത്രമായി.
പത്താം തരം തുല്യതാ പരീക്ഷയായി പിന്നീടുള്ള ലക്ഷ്യം. സാക്ഷരത മിഷന്റെ ക്ലാസ്സുകൾ ഏറെ ഗുണം ചെയ്തു. ഇരിക്കൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ ഞായറാഴ്ച ക്ലാസ്സുകളും തുണയായി. കരകൗശല വസ്തുക്കളുടെയും പേപ്പർ പേനകളുടെയും നിർമ്മാണത്തിലും ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ വിശാലമായ ലോകമാണ് അവൾക്ക് ഏറെയിഷ്ടം. ഇഷ്ടപ്പെട്ട എഴുത്തുകാരൻ ബഷീർ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും പ്രിയപ്പെട്ടതാണ്..

ബൈറ്റ്

പാതിവഴിയിലായ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും വീണ്ടും നിറം പകർന്നത് തന്നെപ്പോലെ ചക്രക്കസേരയിൽ ജീവിതം തളളി നീക്കുന്നവരുടെ കൂട്ടായ്മയായിരുന്നു.. ജീവിതത്തിൽ തന്നെക്കാൾ ദുരിതങ്ങൾ പേറുന്നവർ ഉയരങ്ങൾ കീഴടക്കി മുന്നിലെത്തിയപ്പോൾ തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഒട്ടേറെ കൂട്ടുകാർ തനിക്ക് സഹായവും പിന്തുണയുമായി ചുറ്റുമുണ്ടായിരുന്നതും ഇത്രവലിയ നേട്ടം കൈവരിക്കാൻ തനിക്ക് കരുത്തായി.ജീവിതം ചെറുതാണ്. നാളെ എന്താകുമെന്ന് പ്രവചിക്കാൻ നമുക്ക് കഴിയില്ല. അതിനാൽ അതേക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിൽ അർഥമില്ല. ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകുക. പ്രതിസന്ധികളെ സധൈര്യം നേരിടുക. വഴികളെല്ലാം ഒന്നൊന്നായി നമുക്കു മുമ്പിൽ തുറന്നുവരും.