gold-

കാസർകോട് : വീട്ടിൽ നിന്നും 19.5 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ 19 കാരിയായ കോളേജ് വിദ്യാർത്ഥിനി പിടിയിൽ. വിദ്യാർത്ഥിനിയെ മോഷണത്തിന് പ്രേരിപ്പിച്ച കാമുകനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി. കാമുകന് വേണ്ടിയാണ് സ്വർണ്ണ മോഷ്ടിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.

അടുക്കത്ത്ബയൽ ഗുഡ്ഡെ ടെമ്പിൾ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടിൽ നിന്നും ആഭരണങ്ങൾ കാണാതായ കേസിലാണ് ഉദുമ മുതിയക്കാൽ കുതിരക്കോട് സ്വദേശിനിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതുസംബന്ധിച്ച് സുനിൽ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാൻ വീട്ടിലെത്തിയിരുന്നതായും പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വർണാഭരണങ്ങൾ കവർന്നതായി സമ്മതിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിൽ കുമ്പള സ്വദേശിയും ഒരെ കോളേജിൽ വിദ്യാർത്ഥിയുമായ കാമുകനു വേണ്ടിയാണ് സ്വർണം കവർച്ച നടത്തിയതെന്ന് പെൺകുട്ടി സമ്മതിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കവർന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ മംഗളുരുവിലെ പല ജ്വല്ലറികളിലായി വില്പന നടത്തിയ പണം മുഴുവൻ അടിച്ചുമാറ്റിയത് യുവാവാണെന്ന് വ്യക്തമായി.

മംഗളൂരുവിലെ കോളജിൽ വിദ്യാർത്ഥികളാണ് ഇരുവരും. അപകടത്തിൽപെട്ടുവെന്നും കുറച്ചുപണം തരപ്പെടുത്തി നൽകണമെന്നും യുവാവ് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റുവഴികളൊന്നും ഇല്ലാതെ വന്നപ്പോഴാണ് മോഷണം നടത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. കുഞ്ഞിനെ കാണാനാണ് അകന്ന ബന്ധുവായ യുവതി സുനിലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയിൽ കയറുകയും ചെയ്തു. താക്കോൽ അലമാരയിൽ തന്നെ വച്ച നിലയിൽ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കാസർകോട് ടൗൺ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണം കൊണ്ടുപോയി വിൽപ്പന നടത്തിയതിനാൽ കാമുകനെയും കേസിൽ പ്രതിചേർക്കും.


മംഗളൂരുവിൽ തെളിവെടുപ്പ് നടത്തി

കാസർകോട്: അടുക്കത്ത്ബയലിലെ സുനിലിന്റെ വീട്ടിൽ നിന്നും കവർന്ന സ്വർണ്ണം കണ്ടെത്താൻ മംഗളൂരുവിലെ വിവിധ ജ്വല്ലറികളിൽ കാസർകോട് ടൗൺ പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകീട്ടാണ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുമായി ടൗൺ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മംഗളൂരുവിലെ ജ്വല്ലറികളിൽ പരിശോധന നടത്തിയത്.