കാസർകോട്: കടൽതീരത്തെത്തിയ പ്രതിശ്രുതവരന്റെയും വധുവിന്റെയും ഫോട്ടോ പകർത്തുകയും അതുകാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട്ട് താമസക്കാരനുമായ ഷഫീഖി(30)നെയാണ് കാസർകോട് എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊഗ്രാൽപുത്തൂർ സ്വദേശിയായ യുവാവും കുമ്പള സ്വദേശിനിയും കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് കടപ്പുറത്തെത്തിയപ്പോൾ ഇവരുടെ ദൃശ്യങ്ങൾ പകർത്തിയ ഷഫീഖ് ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും ഇവരുടെ മൊബൈൽ നമ്പറുകൾ വാങ്ങി പിന്നീട് വിളിച്ച് ശല്യപ്പെടുത്തുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ഷഫീഖിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.