കണ്ണൂർ: ജില്ലയിലെ ആദ്യ ലൈഫ് ഭവന സമുച്ചയം കടമ്പൂരിൽ ഉയരും. ലൈഫ് പദ്ധതിയിൽ പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ ഭവനസമുച്ചയമാണിത്. പദ്ധതിയുടെ മൂന്നാം ഘട്ടമായതിനാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കാണ് പരിഗണന. പനോന്നേരി വെസ്റ്റിൽ കടമ്പൂർ പഞ്ചായത്ത് നൽകിയ സ്ഥലത്ത് ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കെട്ടിടം നിർമ്മിക്കുക.
22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ചിറക്കൽ, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ, പയ്യന്നൂർ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വർഷം ഏപ്രിൽ മാസത്തോടെ നിർമ്മാണം ആരംഭിക്കും. 2022 ഓടെ സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീട് ലഭ്യമാക്കും. കേരളത്തിൽ വീടില്ലാത്തവർക്ക് വാസസ്ഥലവും മികച്ച ജീവിത സാഹചര്യവും ഒരുക്കുകയാണ് ലക്ഷ്യം. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിലായി പൂർത്തിയാക്കപ്പെടാതിരുന്ന വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലൈഫ് മിഷന്റെ ഒന്നാം ഘട്ടം. ഇവയിൽ അവശേഷിക്കുന്ന വീടുകൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സമേഷ്, ജില്ലാ കലക്ടർ ടി.വി സുഭാഷ്, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ, വൈസ് പ്രസിഡന്റ് എ. വിമലാ ദേവി, പ്രൊജക്ട് ഡയറക്ടർ വി.കെ ദിലീപ്, ലൈഫ് ജില്ല കോ ഓർഡിനേറ്റർ കെ. അനിൽ എന്നിവരും സംബന്ധിച്ചു.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ 2815 ഗുണഭോക്താക്കളുണ്ട്. ഫ്ലാറ്റ് സമുച്ചയം പണിയാൻ 36 ഇടത്ത് സ്ഥലം കണ്ടെത്തി-
ജില്ലാ കളക്ടർ
ടി.വി സുഭാഷ്
പാതിയിൽ നിലച്ചിരുന്ന വീടുകൾ- 2675
പൂർത്തിയാക്കി- 2589
ബാക്കി- 86
കടമ്പൂരിലെ ഭവന സമുച്ഛയം
41 സെന്റ് സ്ഥലം
4 നിലകൾ
44 വീടുകൾ