കണ്ണൂർ: ഏവരുടെയും ഇന്ത്യ, ഭരണഘടനയാണ് നമ്മുടെ കരുത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാർച്ച് 14ന് കണ്ണൂരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഭരണഘടനാ സംരക്ഷണ ഏകോപന സമിതി യോഗം ചെയർമാൻ പി. കമാൽകുട്ടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് സെമിനാർ നടത്താനുള്ള തീരുമാനമെടുത്തത്. സെമിനാറിൽ മുൻ സുപ്രീംകോടതി ജഡ്ജി, മന്ത്രിമാർ, എം.പിമാർ, സാംസ്‌കാരിക നേതാക്കൾ, മതപണ്ഡിതൻമാർ എന്നിവർ പങ്കെടുക്കും. യോഗത്തിൽ ജനറൽ കൺവീനർ കെ.കെ. രാഗേഷ് എം.പി. സ്വാഗതം പറഞ്ഞു. ഭാവി പ്രവർത്തന പരിപാടികൾ സംബന്ധിച്ച രൂപരേഖ എം.വി. ജയരാജൻ അവതരിപ്പിച്ചു. ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ രൂപീകരിച്ച ഭരണഘടനാ സംരക്ഷണ ഏകോപന സമിതിയുടെ കീഴിൽ കണ്ണൂർ ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി 86 കേന്ദ്രങ്ങളിൽ പ്രാദേശിക ഭരണഘടനാ സംരക്ഷണസമിതികൾ രൂപീകരിക്കാനും അതിന്റെ കോ ഓർഡിനേഷനായി ജില്ലാതലത്തിൽ ഭരണഘടനാ സംരക്ഷണ ഏകോപന സമിതി പ്രവർത്തിക്കാനും തീരുമാനിച്ചു.