കാസർകോട്: കോട്ടിക്കുളം റെയിൽവെ മേൽപ്പാല നിർമ്മാണത്തിൽ രാഷ്ട്രീയം കത്തിപ്പടരുന്നു. .പാലക്കുന്ന് കഴകം ശ്രീഭഗവതി ക്ഷേത്രം കരിപ്പോടി പ്രാദേശിക കമ്മറ്റിയുടെ നേതുത്വത്തിൽ ജനകീയ സമരം നടന്നതോടെയാണ് 'അവകാശ തർക്കം' മൂക്കുന്നത്. സി. പി. എമ്മും ബി. ജെ. പിയും വിഷയം ഏറ്റെടുത്തതോടെ പോരിന്റെ വീര്യം കൂടി. ഉദുമ എം. എൽ. എ. കെ കുഞ്ഞിരാമൻ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിച്ചതോടെ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് എം എൽ എ യ്ക്കെതിരെ രംഗത്ത് വന്നു.

ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്

സംസ്ഥാന സർക്കാർ നിർമ്മാണത്തുകയുടെ 50 ശതമാനം റെയിൽവേയ്‌ക്ക് കൈമാറാത്തതാ ണ് മേൽപ്പാല നിർമ്മാണം ആരംഭിക്കാത്തത്. 2005-06 സാമ്പത്തിക വർഷം തുടങ്ങേണ്ട നിർമ്മാണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം നീണ്ടുപോവുകയാണ്. 2005-06 സാമ്പത്തിക വർഷം മുതൽ മേൽപാലം നിർമ്മിക്കാൻ റെയിൽവെ തയാറായിരുന്നു. 2010-11 വർഷം മുതൽ റെയിൽവെ 5.47 കോടി രൂപ നീക്കിവച്ചിരിന്നു.2018 -2019 വർഷം 16 .70 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ഇതിൽ ദേശീയ റെയിൽവെ സുരക്ഷാ നിധിയിൽ നിന്ന് 5.31.20 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വിഹിതമായി സംസ്ഥാന സർക്കാർ 5.47.90 കോടി രൂപ റെയിൽവേയ്‌ക്ക് കൈമാറണമായിരുന്നു . 2019 വരെ റെയിൽവേ പണം നീക്കിവെച്ചിട്ടും സംസ്ഥാന സർക്കാരിന്റെ വിഹിതം കൈമാറിയില്ല.

മുഴുവൻ നിർമ്മാണച്ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുകയെന്നും 19 കോടി രൂപ നീക്കിവെച്ചുവെന്നും റെയിൽവെ നിർമ്മാണം ആരംഭിച്ചില്ലെന്നുമുള്ള കെ.കുഞ്ഞിരാമൻ എം.എൽ.എയുടെ ആരോപണം അടിസ്ഥാന രഹിതമാ

ണ്.

കെ കുഞ്ഞിരാമൻ എം എൽ എ

മേൽപ്പാലത്തിന്റെ കാര്യത്തിലുള്ള വിമർശനം പച്ചക്കള്ളമാണ്. കേന്ദ്രം കേന്ദ്രം എന്ന് വിളിച്ചു പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ബി ജെ പി. നിങ്ങൾ ഒന്നും ചെയ്യണ്ട, കേന്ദ്രത്തിന്റെ ഒറ്റക്കാശും തരേണ്ട. മേൽപാലം പണിയാൻ അനുമതി നൽകിയാൽ മാത്രം മതി.

കോട്ടിക്കുളം മേൽപാലം പണിയാൻ സംസ്ഥാന സർക്കാർ റോഡ്‌സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷനെ ചുമതല ഏല്പിച്ചിട്ട് രണ്ടര കൊല്ലം കഴിഞ്ഞു. 20 കോടി രൂപയും കൊടുത്തിട്ടുണ്ട്. റെയിൽവെയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തിൽ വിളിച്ച യോഗത്തിൽ റെയിൽവെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് സ്ഥലം ഏറ്റെടുക്കാൻ മുമ്പ് രണ്ടര ലക്ഷം രൂപ തങ്ങൾ നൽകിയതായി റെയിൽവെ അധികൃതർ പറഞ്ഞത്. 12 വർഷം മുമ്പാണ് ഈ സ്ഥലത്തിന് പൈസ കൊടുത്തു എന്നുപറയുന്നത്. ആകെ റെയിൽവെ മുതലിറക്കിയ പൈസയാണിത്.