പാലം പണിതിട്ട് 20 വർഷം
ഇതുവരെ അറ്റകുറ്റപ്പണി ചെയ്തിട്ടില്ല
കൈവരികൾ തുരുമ്പെടുക്കുന്നു
പടന്നക്കാട് കാർഷിക കോളേജിലേക്കും നെഹ്റു കോളേജിലേക്കും
പാലം വഴി എളുപ്പത്തിൽ എത്താം
നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയെ നീലേശ്വരവുമായി ബന്ധിപ്പിക്കുന്ന നാഗച്ചേരി തൂക്കുപാലം കാലപ്പഴക്കത്താൽ അപകടത്തിന് വഴിവെക്കുന്നു.
20 വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് അന്നത്തെ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ തൂക്കുപാലം നിർമ്മിച്ചത്. പടിഞ്ഞാറ്റംകൊഴുവൽ, നാഗച്ചേരി നിവാസികൾക്ക് കാഞ്ഞങ്ങാട് നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ് ഈ പാലം. അതുപോലെ നാഗച്ചേരി ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂരിഭാഗം ജനങ്ങളും പടന്നക്കാട്, ഒഴിഞ്ഞവളപ്പ് പ്രദേശങ്ങളിലായതിനാൽ അവർക്കും നീലേശ്വരം ചുറ്റാതെ എളുപ്പത്തിൽ തൂക്കുപാലം വഴി നാഗച്ചേരിയിലേക്ക് എത്താൻ കഴിയും.
തൂക്കുപാലം നിർമ്മിച്ചതിനുശേഷം ഇതുവരെ അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കൈവരികളെല്ലാം തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കയാണ്.
പാലത്തിന് ബലക്ഷയം സംഭവിച്ചതിനാൽ കൂടുതൽ ആളുകൾ പാലത്തിൽ കൂടി നടന്നു പോകാതിരിക്കാൻ സമീപവാസികൾ ആളുകളെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. മഴക്കാലത്ത് വെള്ളം കയറുമ്പോൾ പാലം വഴിയുള്ള യാത്ര ഏറെ അപകടം പിടിച്ചതാകും.
പടന്നക്കാട് കാർഷിക കോളേജിലേക്കും നെഹ്റു കോളേജിലേക്കും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും എളുപ്പത്തിൽ എത്താൻ നടപ്പാലം ഏറെ ഉപകരിക്കുന്നുണ്ട്. എന്നാൽ പാലത്തിന്റെ കാലപ്പഴക്കവും ബലക്ഷയവും പാലത്തിൽ കൂടിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്.
പാലത്തിന് കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അറ്റകുറ്റപ്പണി ചെയ്യാൻ നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പണി കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ട്. മാർച്ച് മാസത്തിനുള്ളിൽ പാലത്തിന്റെ അറ്റകുറ്റപ്പണി തീർക്കും.
നീലേശ്വരം നഗരസഭ ഒന്നാം വാർഡ് കൗൺസിലർ പി. കുഞ്ഞികൃഷ്ണൻ.