തൈറോയ്ഡ് രോഗങ്ങൾക്ക് ചികിത്സ നേരത്തെ നടത്തുകയെന്നത് ഏറ്റവും പ്രധാനമാണ്. ഇവയുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ രോഗ സാധ്യത മുന്നിൽകണ്ട് ഡോക്ടറെ സമീപിക്കാനാകും. തൈറോയ്ഡ് ലക്ഷണങ്ങൾ നമ്മെ അലട്ടുന്നുണ്ടോയെന്നത് പരിശോധിക്കുക എളുപ്പമാണ്.
രാവിലെ എഴുന്നേൽക്കുമ്പോൾ അതിയായ ക്ഷീണം തോന്നുന്നവരുണ്ടാകും. അമിതമായി ഉറങ്ങിയാലും എഴുന്നേൽക്കുമ്പോൾ ഒരു ഉന്മേഷവും കിട്ടില്ല. തൈറോയ്ഡ് രോഗങ്ങളുടെ ഒരു സൂചനയായിരിക്കാമിത്. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയ്ഡിസം ഉള്ളവരിലാകട്ടെ ഉറക്കം കിട്ടില്ല. ഇവരിലും തളർച്ച കാണപ്പെടുന്നു. എന്നാൽ ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടുന്നതും ചിലപ്പോൾ രോഗലക്ഷമമാകാം.
ചിലരിലെ അമിതഭാരത്തിന്റെ കാരണം തൈറോയ്ഡ് പ്രശ്നമാണ്. വ്യായാമം ചെയ്താലും ഭക്ഷണക്രമം പാലിച്ചാലും ഇക്കാര്യത്തിൽ കുറവുണ്ടാകില്ല. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയ്ഡിസത്തിന്റെയും ഹൈപ്പർതൈറോയ്ഡിസത്തിന്റെയും ലക്ഷണങ്ങളായി കണക്കാക്കുന്നു.
മാനസികമായ പ്രശ്നങ്ങളും ലക്ഷണങ്ങളായി കണക്കാക്കുന്നു. വല്ലാത്ത ഉത്കണ്ഠ, വിഷാദം എന്നിവ രോഗികളെ അലട്ടുന്നു. ഡിപ്രഷനു പിന്നിലും ഹൈപ്പോതൈറോയ്ഡിസമാകാം. കൂടാതെ കൊളസ്‌ട്രോൾ ലെവൽ ഉയരുകയെന്നതും പ്രശ്നമാണ്. ആർത്തവ ക്രമക്കേടുകളും വന്ധ്യത മലബന്ധം, വയറിളക്കം, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യപ്രശ്നങ്ങൾ, കഴുത്തിലെ നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ തൈറോയിഡിന്റെ ലക്ഷണങ്ങളായി കാണാം. പാരമ്പര്യം തൈറോയ്ഡ് രോഗങ്ങൾ വരാൻ കാരണമാണ്. ഇങ്ങനെയുള്ളവരും ശ്രദ്ധിക്കണം.
ഡോ. ശില്പ എം.വി,
വി.എം ഹോസ്പിറ്റൽ,
ഗവ. ആശുപത്രിക്ക് സമീപം,
മട്ടന്നൂർ
ഫോൺ: 9846366000.