ആലക്കോട് :പത്തുവർഷം മുമ്പ് നാടിനെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ മാരക കീടനാശിനികളുടെ വൻ ശേഖരം ആലക്കോട് ടൗണിന് വീണ്ടും ഭീഷണിയാവുന്നു. അന്ന് പുഴയിൽ നിന്ന് മുങ്ങിയെടുത്ത് കെട്ടിടത്തിൽസൂക്ഷിച്ച വിഷവസ്തുക്കളുടെ രൂക്ഷഗന്ധം വീണ്ടും പുറത്തേയ്‌ക്ക് വമിക്കുകയാണ്.

രയറോം പുഴയുടെ നെടുവോട് ഭാഗത്തായി വാഹനത്തിൽ കൊണ്ടുവന്ന് പുഴയിലൊഴുക്കിയ കീടനാശിനികളുടെ ശേഖരമാണ് സംസ്ഥാന സർക്കാരിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് പുഴയിൽ നിന്ന് അന്ന് വീണ്ടെടുത്തത്. സംസ്ഥാനസർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് എത്തിയ നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരാണ് കാലവർഷത്തിൽ കരകവിഞ്ഞൊഴുകിയ പുഴയുടെ അടിത്തട്ടിൽ നിന്ന് കീടനാശിനികളുടെ വൻ ശേഖരം മുങ്ങിത്തപ്പിയെടുത്തത് .

പൂനെയിലെ ആറ്റോമിക് റിസർച്ച് സെന്ററിൽ നിന്നെത്തിയ ശാസ്ത്രജ്ഞർ കീടനാശിനി ശേഖരം നിർവീര്യമാക്കി. മൂന്ന് വലിയ പ്ലാസ്റ്റിക് ബാരലുകളിലാക്കിയ ഈ കാളകൂടത്തെ എറണാകുളം കിഴക്കമ്പലത്ത് എത്തിച്ച് നശിപ്പിക്കുമെന്നാണ് അന്ന് അറിയിച്ചത്. പ്രത്യേക സുരക്ഷാ സംവിധാനത്തോടെ ഇവ ആലക്കോട് നിന്ന് കൊണ്ടുപോകാനുള്ള കാലതാമസം പരിഗണിച്ച് ആലക്കോട് ബസ് സ്റ്റാൻഡിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ കെട്ടിടത്തിലെത്തിച്ച് മുറി പൂട്ടി താക്കോൽ ജില്ലാകളക്ടർക്ക് കൈമാറി. എത്രയും പെട്ടെന്ന് ഇവ ഇവിടെ നിന്ന് കൊണ്ടുപോകുമെന്നാണ് അന്ന് കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകിയത്. എന്നാൽ പത്തുവർഷമായിട്ടും കീടനാശിനി ആലക്കോട്ട് തന്നെയിരിക്കുന്നു.

കീടനാശിനിയുടെ വീര്യം മൂലം ഇവ സൂക്ഷിച്ച മുറിയുടെ ഷട്ടറുകൾ ദ്രവിച്ച് താഴെവീഴാൻ പാകത്തിലാണ്. രൂക്ഷമായ ഗന്ധവും പുറത്തേയ്‌ക്ക് വരുന്നു. തൊട്ടടുത്തുള്ള വ്യാപാരികളും ദുരിതത്തിലാണുള്ളത്. ഇവ ഇവിടെ നിന്ന് കൊണ്ടുപോകണമെന്നു കാണിച്ച് ജില്ലാ കളക്ടർക്ക് നിരവധി തവണ കത്തുകളയച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ വിഷ മാലിന്യം സൂക്ഷിച്ചിരിക്കുന്നതിനടുത്തായി ജലസ്രോതസ്സുകളുണ്ട്. ഒരു ദുരന്തത്തിനു കാത്തുനിൽക്കാതെ ഇവ എത്രയുംപെട്ടെന്ന് ഒഴിവാക്കിത്തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.