ചെറുവത്തൂർ: തെക്കെക്കാട് മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ കർമ്മവും തിരുവപ്പന മഹോത്സവവും 27 മുതൽ മാർച്ച് 1 വരെ നടക്കും.

തെക്കെക്കാട് ബണ്ടിന് പരിസരത്ത് പുതുതായി പണിത ക്ഷേത്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്.

27 ന് വൈകീട്ട് 3ന് പടന്ന മുണ്ട്യ പരിസരത്തു നിന്നും ആരംഭിക്കുന്ന വിഗ്രഹ, കലവറ ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് യുവകവി എം. പവിത്രൻ രചിച്ച ശ്രീ മുത്തപ്പ ഭക്തിഗാന സി.ഡി. പ്രശസ്ത ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രകാശനം ചെയ്യും. തുടർന്ന് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര. 28 ന് രാവിലെ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാകർമ്മം. ഉച്ചയ്ക്കുശേഷം അന്തിത്തിറ തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് തുടക്കമാകും. 5 ന് നടക്കുന്ന മതസൗഹാർദ്ദ സദസ്സ് എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി 9 ന് നാടകം അന്നം. 29 ന് പുലർച്ചെ 5 മുതൽ അന്തിത്തിറ പുറപ്പാട്, അടിച്ചു തെളിവെള്ളാട്ടം, ദൈവത്തെ മലയിറക്കൽ, ഊട്ടും വെള്ളാട്ടം പുറപ്പാട്, രാത്രി 10 ന് സന്ധ്യാവേല, കളിക്കപ്പാട്ട് എന്നിവ നടക്കും. മാർച്ച് ഒന്നിനു പുലർച്ചെ 5 ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം. 3 ന് പള്ളിവേട്ട, ദൈവത്തെ മലകയറ്റൽ തുടങ്ങിയവയോടെ മഹോത്സവത്തിനു തിരിശീല വീഴും.