കുളി നല്ല ഗമയിൽ തന്നെ ആവണമെന്നതാണ് അസർബൈജാനിലെ ഒരു വിശ്വാസം. അതുകൊണ്ടാണ് അവർ എണ്ണതേച്ചു കുളിക്കും പോലെ ക്രൂഡ് ഓയിൽ ദേഹം മിനുക്കാൻ ഉപയോഗിക്കുന്നതെന്ന് തോന്നാം. എന്നാൽ ഈ കുളി കളിയല്ലെന്ന് തന്നെയാണ് അവർ പറയുന്നത്. രോഗ ശമനത്തിന് ഇത് അത്യുഗ്രനാണത്രെ. നമ്മളെ പോലെ ക്രൂഡ് ഓയിൽ വലിയ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന രാജ്യമല്ല അസർബൈജാൻ. 170 വർഷങ്ങളായി എണ്ണശേഖരത്തിന്റെ പേരിൽ ഈ നാട് അറിയപ്പെടുന്നുണ്ട്. രാജ്യ തലസ്ഥാനമായ ബാകുവിൽ നിന്നും 320 കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നഫ്റ്റാലൻ. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സഞ്ചാരികൾ വസന്തകാലത്ത് ഇവിടെ ക്രൂഡ് ഓയിലിൽ കുളിക്കാനെത്തുന്നുണ്ട്. ഒരുവർഷം ഏകദേശം 15,000 പേർ ഈ കൊച്ചുപട്ടണത്തിൽ എത്തുന്നതായാണത്രെ കണക്ക്. ഭൂമിയുടെ രക്തമെന്നാണ് ഈ നാട്ടിലുള്ളവർ ക്രൂഡ് ഓയിലിനെ വിളിക്കുന്നത്. ത്വക്ക് സംബന്ധമായ എഴുപതോളം രോഗങ്ങളുടെ ചികിത്സയ്ക്കും അണുനാശിനിയായും ഇവരിതിനെ കാണുന്നു. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഗർഭിണികളിലെ നിരവധി പ്രശ്നങ്ങൾക്കും ഇതുഫലപ്രദമാണത്രെ.
ആറു വയസുമുതൽ 40 വയസുവരെയുള്ളവർക്കു മാത്രമേ ഈ കുളി പാടുള്ളൂവെന്ന നിബന്ധനയുമുണ്ട്.
ക്രൂഡ് ഓയിൽ കുളിയിൽ അല്പം കാര്യമുണ്ടെന്ന് ശാസ്ത്രലോകവും ചൂണ്ടിക്കാട്ടിയതോടെയാണ് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയത്. സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ഇതുത്തമമാണെന്ന് കണ്ട് രോഗികളും കുളിക്കാനായി നഫ്റ്റാലനിലെത്തുന്നു. എന്നാൽ ഇത് അത്ര ഈസിയാണെന്ന് കരുതണ്ട. ചൂടാക്കുമ്പോൾ ഈ ഓയിലിന്റെ മണം അസഹനീയം തന്നെയാകും. എന്നാൽ ഇതിനൊപ്പം തിരുമ്മൽ കൂടിയാകുമ്പോൾ ഒരു ഉന്മേഷമുണ്ടാകും.