ജില്ലയിൽ ഒഴിത്തു പോകേണ്ട വ്യാപാരികൾ 1300
നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ച വ്യാപാരികൾ 120
പുനരധിവാസ പാക്കേജ് സഹായം തേടി അപേക്ഷ നൽകിയവർ 1050
നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസ അപേക്ഷകളിൽ തീർപ്പ് വൈകുന്നതിനാൽ വാടകക്കാരും വ്യാപാരികളും ആശങ്കയിൽ. ദേശീയപാത വികസനത്തിനു വിട്ടുകൊടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങളിലെ വാടകക്കാരും വ്യാപാരികളും നൽകിയ പുനരധിവാസ അപേക്ഷകളിൽ തീർപ്പ് വൈകുന്നതിനാലാണ് വ്യാപാരികളും വാടകക്കാരും ആശങ്കയിലായത്.
ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാരത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വാടക കെട്ടിടങ്ങൾ ഒഴിഞ്ഞു പോകേണ്ടി വരുന്നവരുടെ പുനരധിവാസവും വൈകുന്നത്. ദേശീയ പാതയിലുള്ള ഗ്യാരേജുകൾ, റസ്റ്റോറന്റകൾ, ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ വർഷങ്ങളായി വാടകക്ക് താമസിക്കുന്നവർ, തൊഴിൽ നഷ്ടപ്പെടുന്നവർ ഉൾപ്പെടെയുള്ളവർക്കാണ് പുനരധിവാസം .ഇവരുടെ പുനരധിവാസം സംബന്ധിച്ചാണ് സർക്കാർ നടപടികൾ മന്ദഗതിയിൽ പോകുന്നത്.
1050 ഓളം പേരാണ് പുനരധിവാസ പാക്കേജ് സഹായം തേടി ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ അപേക്ഷ നൽകിയിട്ടുള്ളത്. ലാന്റ് അക്വിസിഷൻ ഡപ്യൂട്ടി കളക്ടർക്കാണ് പുനരധിവാസ പാക്കേജ് നടപടികളുടെ ചുമതല. പുനരധിവാസ പാക്കേജ് അപേക്ഷകളിന്മേൽ ഇതുവരെയായി തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ ഷിഫ്റ്റിംഗ് ചാർജ് ഇനത്തിൽ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്തവർക്ക് തന്നെ കോടിക്കണക്കിനു രൂപ ഇനിയും കൊടുത്തു തീർക്കാനുണ്ട്.
ദേശീയപാത വികസനത്തിന് വിട്ടുകൊടുത്ത ഭൂമിയിലെ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്നവരെ അധികൃതർ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അനുവദിക്കാത വ്യാപാരികളെ വഴിയാധാരമാക്കുന്ന നടപടി തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും
കെ. അഹമ്മദ് ഷെരീഫ്
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ്