കണ്ണൂർ :ലൈഫ് ഭവനപദ്ധതിയിൽ പ്രീഫാബ് സാങ്കേതിക വിദ്യയിൽ നിർമ്മി​ക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയത്തിന് പനോന്നേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. സംസ്ഥാനത്ത് ഭൂരഹിതരായി കണ്ടെത്തിയ കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനാണ് പാർപ്പിട സമുച്ചയങ്ങൾ നിർമ്മി​ക്കുന്നത്. ആധുനിക നിർമ്മാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിർമാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണങ്ങൾക്ക് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിർമാണരംഗത്ത് കുതിച്ചു ചാട്ടത്തിന് ഇത് വഴി തെളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
പനോന്നേരി വെസ്റ്റിൽ കടമ്പൂർ പഞ്ചായത്ത് വിട്ടുനൽകിയ 41 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവനസമുച്ചയത്തിൽ നാല് നിലകളിലായി 44 വീടുകളാണ് നിർമിക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ 2815 ഗുണഭോക്താക്കളാണുള്ളത്. ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഫ്‌ളാറ്റ് സമുച്ചയം പണിയുന്നതിന് 36 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു.


ലൈഫ് മിഷൻ സിഇഒ യു വി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സമേഷ്, ജില്ലാ കളക്ടർ ടിവി സുഭാഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനൻ, കൂത്തുപറമ്പ് മുനിസിപ്പൽ ചെയർമാൻ എം സുകുമാരൻ, കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ തുടങ്ങി​യവർ പ്രസംഗി​ച്ചു.

ജൂലായ് 31നകം നിർമ്മാണം പൂർത്തിയാക്കും

കെട്ടിട നിർമാണ രംഗത്തെ നൂതനസാങ്കേതികവിദ്യയായ പ്രീഫാബ് ടെക്‌നോളജിയിൽ സംസ്ഥാനത്ത് ആദ്യമായി കടമ്പൂർ പനോന്നേരിയിൽ നിർമ്മിക്കുന്ന ലൈഫ് ഭവനസമുച്ചയം ഈ വർഷം ജൂലായ് 31നകം നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു വി ജോസ് അറിയിച്ചു.