പാപ്പിനിശ്ശേരി: ഒഴക്രോം- കണ്ണപുരം റോഡ് വികസനത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിക്കൊടുക്കണമെന്ന് സ്ഥലം എം.എൽ.എ ടി.വി.രാജേഷ് ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി വാക്കുപാലിച്ചില്ല. കിഫ്ബി പണം കെട്ടിവെക്കാത്തതാണ് പോസ്റ്റ് മാറ്റാത്തതിന് പിന്നിലെന്ന് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുമ്പോൾ റോഡ് വികസനം മനപൂർവം തടസപ്പെടുത്താനുള്ള ഒരു വിഭാഗമാളുകളുടെ സ്വാധീനമാണ് കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു.
രണ്ടാഴ്ചക്കുള്ളിൽ പോസ്റ്റ് മാറ്റുമെന്ന ഉറപ്പ് മാസം ഒന്നുകഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ വികസനത്തിനുള്ള യഥാർത്ഥതടസം ഇതല്ല. കിഫ്ബി വ്യവസ്ഥ പ്രകാരമുള്ള റോഡ് വികസനം സാദ്ധ്യമാകണമെങ്കിൽ ആവശ്യമായ സ്ഥലം വിട്ടുകൊടുക്കേണ്ടതുണ്ട്. കൈയേറിയ സ്വകാര്യവ്യക്തികളെ ഒഴിപ്പിച്ച് സ്ഥലം തിരിച്ചുപിടിക്കുന്നതിൽ തട്ടിയാണ് റോഡ് വികസനം വഴിമുട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈയേറിയ വ്യക്തികളും സ്ഥാപനങ്ങളും സ്ഥലം സംരക്ഷിച്ചെടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം.
ഒഴക്രോം മുതൽ കണ്ണപുരം വരെയുള്ള എട്ട് കിലോമീറ്ററോളം വ്യാപകമായി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. കൈയേറ്റങ്ങളെല്ലാം ഒഴിപ്പിച്ചാൽ ഗതാഗതസൗകര്യം നല്ല രീതിയിൽ വർദ്ധിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ ഉദ്യോഗസ്ഥർക്കിടയിൽ സ്വാധീനം ചെലുത്തി ചില വ്യക്തികളും സ്ഥാപനങ്ങളും കൈയ്യേറിയ സ്ഥലം തിരിച്ച് പിടിക്കുന്നതിനെതിരെ പ്രവർത്തിച്ചതായി നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത സർക്കാർ സ്ഥലം അന്യാധീനപ്പെടുന്നതിനും യാത്രാ സൗകര്യം കുറയുന്നതിനും കിഫ്ബി മാനദണ്ഡപ്രകാരമുള്ള റോഡ് നിർമാണത്തിന് സാധ്യമാകാതിരിക്കുകയും ചെയ്യുകയാണ്.
ഒഴക്രോം-കണ്ണപുരം റോഡ് വികസനം
ചന്തപ്പുര, പരിയാരം,ശ്രീസ്ഥ, നെരുവമ്പ്രം, ഏഴോം, കോട്ടക്കീൽ, കാവിൻമുനമ്പ്, പറപ്പൂൽ,വെള്ളിക്കീൽ, ഒഴക്രോം, കണ്ണപുരം
നീളം 29.77 കി.മി
വീതി - 10 കി.മി
ചിലവ് 38.65 കോടി
എയ്ഡഡ് സ്കൂൾ തൊട്ട്
എയ്ഡഡ് സ്‌കൂൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ റോഡ് കൈയേറിയിട്ടുണ്ട്. കൂടാതെ ടാറിംഗ് പഴയ റോഡിന് മുകളിൽ കോട്ടിംഗ് രീതിയിൽ പ്രതലം ബലപ്പെടുത്താതെ ചെയ്യുന്നതിലും നാട്ടുകാർ ക്രമക്കേട് ചൂണ്ടിക്കാട്ടുന്നു. 15 മീറ്ററോളം വീതി വരുന്ന റോഡിന്റെ പ്രധാന കേന്ദ്രങ്ങളടക്കം കൈയേറിയിട്ടുണ്ട്.
ബൈറ്റ്
റോഡിന്റെ അതിർത്തി നിർണയിക്കാതെയും റോഡിന്റെ ഗതിയും വീതിയും മനസിലാക്കാതെയുമുള്ള വികസനം കിഫ്ബി മാനദണ്ഡങ്ങൾക്ക് എതിരാകും. ഇത് റോഡ് വികസനം തടസപ്പെടുന്നതിലേക്കെത്തും. കൈയേറ്റം ഒഴിപ്പിച്ചെടുത്ത് സ്ഥലം ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണം-നാട്ടുകാർ