പെരിയ: പെരിയയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് മൂന്ന് സംഭവങ്ങളിലായി 184 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു . കോൺഗ്രസ് നേതൃത്വത്തിലുള്ള പെരിയയിലെ രണ്ടു ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത സംഭവത്തിൽ സി .പി .എം ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ ഉൾപ്പെടെ 150 പേർക്കും പെരിയ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് കല്ല് എറിഞ്ഞ സംഭവത്തിൽ 22 പേർക്കുമെതിരെ കേസെടുത്തു. ഈ കേസുകളിലെ പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണ്. സി.പി.എം ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 12 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട് .

അതിനിടെ കഴിഞ്ഞ രാത്രി പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് .നായരുടെ വീട്ടിന് നേരെ കല്ലേറുണ്ടായി. വീട്ടിന് മുന്നിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന എ ശേഖരൻ നായർ സ്മാരക സ്തൂപവും തകർത്തു .നീലേശ്വരം അഴിത്തലയിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹ്ദ ഹാശ്മി സ്മാരക മന്ദിരത്തിൽ നേരെയും അക്രമണമുണ്ടായി. കഴിഞ്ഞവർഷവും ഈ ഓഫീസിന് നേരെ അക്രമം ഉണ്ടായിരുന്നു.