ചെറുപുഴ: ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഉപദേവ ക്ഷേത്രത്തിന്റെ പുതുതായി നിർമ്മിച്ച മേൽ പന്തൽ സമർപ്പണവും പളിയറകളിലെ കളിയാട്ടവും നടന്നു. ക്ഷേത്രം പ്രസിഡന്റ് എസ്.കുമരേശൻ, സെക്രട്ടറി സിഎം.രഘു, ഖജാൻജി കെകെ.ശശീന്ദ്രൻ, മുൻ രക്ഷാധികാരി കെ.കുഞ്ഞിക്കൃഷ്ണൻ നായർ, മാതൃസമിതി പ്രസിഡന്റ് സിപി.കാർത്ത്യായനിയമ്മ, എന്നിവരുടെ നേതൃത്വത്തിൽ ഭക്തജന കൂട്ടായ്മയാണ് മേൽ പന്തൽ സമർപ്പണം നടത്തിയത്. തുടർന്ന് ക്ഷേത്രത്തിൽ തെയ്യക്കോലങ്ങളുടെ തോറ്റവും ശ്രീ മുത്തപ്പൻ, പൊട്ടൻദൈവം, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, തെയ്യങ്ങൾ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകി. അന്നദാനവും നടന്നു.
എ .ഐ. വൈ. എഫ് .ജില്ലാ സമ്മേളനം
പയ്യന്നൂർ: എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി പയ്യന്നൂരിൽ നടക്കും. മയൂരം ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10.30ന് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന പ്രതിഭാസംഗമം സി .പി. ഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ടൗൺ സ്‌ക്വയറിൽ സാംസ്‌കാരിക സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. 24ന് വൈകീട്ട് സമ്മേളനം സമാപിക്കും.
ട്രെയിനിൽ നിന്ന് വീണ് എസ് ഐ.ക്ക് പരിക്കേറ്റു
മാഹി: തീവണ്ടിയിൽ നിന്നിറങ്ങുന്നതിനിടയിൽ കാൽ തെന്നി വീണ് മാഹി എസ്.ഐ എസ്.വേലുവിന് പരിക്കേറ്റു.
മാഹി പൊലീസ് സൂപ്രണ്ട് രാജശേഖരനെ രാത്രി 7.15നുള്ള മംഗ്‌ളുരു -പുതുച്ചേരി എക്‌സ്പ്രസിൽ പുതുച്ചേരിക്ക് കയറ്റിയ ശേഷം തിരിച്ചിറങ്ങുമ്പോഴാണ് പ്ലാറ്റ്‌ഫോമിൽ തെന്നിവീണത്. ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
അടച്ചിട്ട വീട്ടിൽ നിന്ന് 25 പവനും 30000 രൂപയും കവർന്നു
തലശ്ശേരി:ചിറക്കര കുഴിപ്പങ്ങാട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും പണ്ടങ്ങളും കവർന്നു. കുഴിപ്പങ്ങാട്ടെ ടി.കെ. റമീസിന്റെ മേഫെയർ വീട്ടിലാണ് കവർച്ച നടന്നത്.വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങളും 30,000 രൂപയുമാണ് നഷ്ട്ടപ്പെട്ടത്.അടച്ചിട്ട വീടിന്റെ മുൻവശത്തെ ജനൽ ഗ്രിൽസ് അറുത്തുമാറ്റിയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം കൂത്തുപറമ്പിലുള്ള ബന്ധു മരിച്ചതിനെ തുടർന്ന് വീടുപൂട്ടി അവിടേക്ക് തിരിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ തിരിച്ചുവന്നപ്പോഴാണ് ജനൽ തകർത്ത് മോഷണം നടന്നതായി കണ്ടെത്തിയത്. പരാതിയെ തുടർന്ന് തലശ്ശേരി പൊലീസ് എത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദരും പരിശോധന നടത്തി.
ജോലി വാഗ്ദാന തട്ടിപ്പ്; മുഴുവൻ പേരെയും പിടികൂടണം
പയ്യന്നൂർ: കണ്ണൂർ വിമാനതാവളത്തിൽ
മന്ത്രി ഇ പി ജയരാജന്റെ പേരുപയോഗിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഴുവനാളുകളെയും ഉടൻ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ മാസങ്ങളായി മന്ത്രി ഇ.പി. ജയരാജന്റെയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെയും പ്രതിനിധികളാണെന്നും കണ്ണൂർ വിമാന താവളത്തിൽ ജോലി തരപ്പെടുത്തി തരാമെന്നും പറഞ്ഞ് ചിലർ പലരിൽ നിന്നായി പണം തട്ടി വരുന്നുണ്ട്.
പയ്യന്നൂരിൽ പിടിയിലായവരെ കൂടാതെ വലിയൊരു സംഘം തന്നെ ഇത്തരത്തിൽ പ്രവർത്തിച്ചു വരുന്നതായാണ് അറിയുന്നത്. പൊലീസിന്റെ പിടിയിലായവർ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇടതു മുന്നണി സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കാൻ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.പി.പി.എച്ച്. എ ജില്ലാ സമ്മേളനം
പാനൂർ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പൂക്കോം എം.എൽ. പി.സ്‌കൂളിൽ മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ കെ. നിസാർ അദ്ധ്യക്ഷത വഹിച്ചു.കെ.ശ്രീധരൻ, പി.പി .ലേഖ വൈ.എം. അബ്ദുള്ള ഹാജി, ജസ്റ്റിൻ ജയകുമാർ, ടി.കെ. അബ്ദുൾ സലീം എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്രട്ടരി ജി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.കെ.ശ്രീധരൻ റിപ്പോർട്ടവതരിപ്പിച്ചു. പി.വി. ജയൻ, വി.പി. രാജീവൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം പാനൂർ നഗരസഭ ഉപാധ്യക്ഷ കെ.വി. റംല ഉത്ഘാടനം ചെയ്തു. നിഷിത ചന്ദ്രൻ, എം. ശ്രീ ലീന എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: ജസ്റ്റിൻ ജയകുമാർ (പ്രസി) കെ.ശ്രീധരൻ (സെക്ര ) കെ.പി. വേണുഗോപാലൻ (ഖജാ).
കണ്ണൂർ സിറ്റി ഫുട്‌ബോൾ സ്‌കൂൾ പാനൂരിൽ ആരംഭിക്കും
പാനൂർ:കണ്ണൂർ ആസ്ഥാനമായ കണ്ണൂർ സിറ്റി ഫുട്‌ബോൾ സ്‌കൂൾസ് പാനൂരിൽ ആരംഭിക്കുന്നു . ദീർഘകാല ഫുട്‌ബോൾ പരിശീലന പദ്ധതിയാണ് ലക്ഷ്യമിടുന്നത് . ഗോവയിലെ ഐലീഗ് ക്ലബ്ബായിരുന്ന പോർട്ടിംഗ് ഗോവക്കും സേസ് ഇന്റർനാഷണൽ ഫുട്‌ബോൾ അക്കാഡമിക്കും ദീർഘകാലം പരി ശീലകനായിരുന്ന നൈജീരിയൻ സ്വദേശിയും പ്രഫഷണൽ കോച്ചിംഗ് ലൈസൻസുമുള്ള ചുക്ക്മാ ക്ലിഫോർഡ് ആണ് പരിശീലന ചുമതല . തുടക്കത്തിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് പരിശീലനം . വളർന്ന് വരുന്ന ഫുട്‌ബോൾ താരങ്ങളെ മികച്ച പരിശീലന പദ്ധതിയിലൂടെ രാജ്യത്തിന് അഭിമാനമാകുന്ന താരങ്ങളാക്കി മാറ്റുയാണ് ലക്ഷ്യം . പരിശീലനം ലഭിക്കുന്ന താരങ്ങൾക്ക് കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ടൂർണ് മെന്റുകളിൽ കളിക്കാൻ അവസരം ലഭ്യമാക്കുമെന്ന് സി.ഇ.ഒ .കെ. പ്രകാശൻ , മാനേജർ എൻ.സജിത് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഫോൺ: 8111841893,9745122239.
രാകേഷ് പുത്തൂരിന് ഫോട്ടോഗ്രാഫി അവാർഡ്
പയ്യന്നൂർ: യുവ ഫോട്ടോഗ്രാഫർ രാകേഷ് പുത്തൂരിന് സംസ്ഥാന സർക്കാർ ക്ഷീര വികസന വകുപ്പിന്റെ മികച്ച ഫോട്ടോഗ്രാഫി ക്കുള്ള പുരസ്‌കാരം ലഭിച്ചു. ക്ഷീര കേരളം
എന്ന വിഷയത്തിൽ 2019 ൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ പയ്യന്നൂർ ഗ്രാമങ്ങളിലെ ദൃശ്യങ്ങൾ എന്ന തലക്കെട്ടിൽ പകർത്തിയ ഫോട്ടോക്കാണ് അവാർഡ് ലഭിച്ചത്. 25000 രൂപയും ഫലകവും പ്രശസ്തി
പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .
ഇതിന് മുൻപ് സംസ്ഥാന സർക്കാർ കാർഷിക ഫോട്ടോഗ്രാഫി അവാർഡ് നാല് തവണ ലഭിച്ചത് കൂടാതെ 2013 ൽ കേരള ലളിതകലാ അക്കാഡമി ഫോട്ടോഗ്രാഫി പുരസ്‌കാരം, 2014ൽ ഫെഫ്ക സൗത്ത് ഇന്ത്യ അവാർഡ് , ഭാസി മെമ്മോറിയൽ ദൃശ്യ പ്രതിഭ പുരസ്‌കാരം, എ.ഐ.ടി.യു.സി ഓൾ ഇന്ത്യ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം, സംസ്ഥാന സർക്കാർ പി.ആർ.ഡി. വകുപ്പിന്റെ അവാർഡ് നാല്
തവണ തുടങ്ങി 46 ഓളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.