ചെറുവത്തൂർ: ആധുനികതയുടെ കുത്തൊഴുക്കിൽ അന്യംനിന്നുപോയ ഗ്രാമീണതയുടെ നേർസാക്ഷ്യങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ പടന്ന പഞ്ചായത്തിലെ വയോജന വനിതാ കൂട്ടായ്മ. ഒരു കാലത്ത് വീടും പരിസരവും ശുചീകരിക്കാൻ ഒരു പോലെ ആശ്രയിച്ചിരുന്ന ഈർക്കിൽ ചൂൽ നിർമ്മിച്ചാണ് തടിയൻ കൊവ്വൽ ഗ്രാമത്തിലെ തണൽ വയോജന അയൽക്കൂട്ടം പരിസ്ഥിതി സൗഹൃദ സംരംഭവുമായി രംഗത്തെത്തിയിട്ടുള്ളത്.
വയലുകളിലും മറ്റും വിളയുന്ന ചൂത് കൊണ്ടും തെങ്ങോലയുടെ ഈർക്കിൽ കൊണ്ടും ഉണ്ടാക്കിയ ചൂലാണ് വീടുകളിലെ ശുചീകരണത്തിനായി പ്രാചീന കാലം മുതൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഗൃഹാന്തരീക്ഷം ആധുനികവത്കരിക്കപ്പെട്ടതോടെ സാധാരണചൂലിനു പകരം പ്ലാസ്റ്റിക് ചൂലുകളും യന്ത്രസംവിധാനങ്ങളും രംഗപ്രവേശം ചെയ്തു. ഇത് പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്നുവെന്ന ബോധമാണ് പഴയ ചൂലുകൾ വീണ്ടും പ്രചാരത്തിലാക്കാൻ വാർഡ് മെമ്പർ പി.പി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ ഇരുപതോളം വീട്ടമ്മമാർ ഈർക്കിൽ ചൂൽ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. ഇത്തരംം ചൂലുകൾക്ക് ആവശ്യക്കാരും ഏറിവരുന്നുുണ്ട്.