കാസർകോട്: പള്ളിയിൽ നിസ്‌കരിക്കാനെത്തിയ വീട്ടമ്മയുടെ ബാഗുമായി അജ്ഞാത സ്ത്രീ കടന്നുകളഞ്ഞു. എന്നാൽ പൊലീസിന്റെ സമയോചിത ഇടപെടൽ കാരണം പണവും സ്വർണവുമടങ്ങിയ ബാഗ് കണ്ടെത്താനായി. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ മുബാറക് പള്ളിയിലാണ് സംഭവം. മകൾക്കൊപ്പം നിസ്‌കരിക്കാനെത്തിയതായിരുന്നു സ്ത്രീ. കൈയിലുണ്ടായിരുന്ന ബാഗ് കുട്ടിയെ ഏൽപ്പിച്ച് വീട്ടമ്മ ശുചിമുറിയിൽ കയറി. ഈ സമയത്താണ് അജ്ഞാത സ്ത്രീയെത്തി ബാഗ് തന്ത്രപൂർവ്വം കൈക്കലാക്കി കടന്നുകളഞ്ഞത്. പുറത്തെത്തി സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ നിലവിളിക്കുകയും ആളെകൂട്ടി പള്ളി ഇമാമിനെയും പൊലീസിനെയും വിളിച്ചുവരുത്തി. വനിതാ എസ് ഐ അജിതയും സി.പി.ഒ മധു കാരക്കടവത്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സിസി ടിവി പരിശോധിച്ചപ്പോൾ ഒരു സ്ത്രീ നഗരത്തിലെ കടയുടെ ഇടവഴിയിലൂടെ ബാഗുമായി കടന്നുകളയുന്നത് കണ്ടെത്തി. പൊലീസ് ഈ വഴി പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ബാഗ് സൂക്ഷിച്ച് വെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് വന്ന് എടുക്കാമെന്ന് കരുതിയായിരിക്കാം ഇവിടെ വെച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാഗിലുണ്ടായിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ല.