തലശ്ശേരി: യോദ്ധാവിൽ നിന്ന് ഗുരുവിലേക്കും ഗുരുവിൽ നിന്ന് ദൈവാംശത്തിലേക്കുമുയർന്ന തച്ചോളി ഒതേനന്റെ തെയ്യം തച്ചോളി മാണിക്കോത്ത് നിറഞ്ഞാടുമ്പോൾ ഇപ്പുറം പൊന്ന്യം ഏഴരക്കണ്ടത്തിൽ ഒതേനനും കതിരൂർ ഗുരുക്കളും തമ്മിൽ നടന്ന അങ്കത്തിന്റെ സ്മരണകളുമായി പൊന്ന്യത്തങ്കം പൈതൃകോത്സവം അരങ്ങുതകർക്കുകയാണ്. മലബാർ മാന്വലിൽ ഉത്തരകേരളത്തിന്റെ റോബിൻഹുഡ് ആയി വിശേഷിപ്പിച്ച തച്ചോളി ഒതേനന്റെ വീരസാഹസിക ചരിത്രം ഇന്നും കടത്തനാടിന്റെ സിരകളിൽ ഊർജ്ജം പകർത്തിനിലകൊള്ളുന്നതിന്റെ തെളിവുകളാണ് രണ്ടിടത്തെയും തിങ്ങിനിറഞ്ഞ പുരുഷാരം.
ഒതേനൻ, ജേഷ്ഠൻ കോമക്കുറുപ്പ് ,ഒടുവിലത്തെ സ്ഥാനികനായിരുന്ന പ്രതാപിയായ കേളു എന്നിവർക്ക് മാണിക്കോത്ത് മേപ്പയിൽ പ്രതിഷ്ഠയുണ്ട്. തന്റെ ആരാധ്യപുരുഷനെ വെടിവെച്ച ചുണ്ടങ്ങാ പൊയിലിലെ മായൻ പക്കിയെ അമ്പെയ്ത് കൊന്ന പുള്ളുവനും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ഏഴരക്കണ്ടത്തിൽ ഒതേനനും കതിരൂർ ഗുരുക്കളും തമ്മിൽ കുംഭം പത്തിനായിരുന്നത്രെ പൊയ്ത്ത് തുടങ്ങിയത്.ഇതാണ് പൊന്ന്യത്തങ്കം പൈതൃകോത്സവം ഈ തീയതിയിൽ നടക്കുന്നത്.
ഒതേനന്റെ കരവാളിന് മുന്നിൽ വിറയ്ക്കാത്തവരുണ്ടായിരുന്നില്ലത്രെ അക്കാലത്ത്.ലോകനാർകാവിന്റെ മുറ്റത്ത് വച്ച് കതിരൂർ ഗുരിക്കൾ ഒതേനനെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിന്റെ അനന്തരഫലമായിരുന്നു പൊന്ന്യത്തങ്കം. എതിർക്കുന്നവനെ അതിശക്തമായി എതിർക്കുകയും സ്‌നേഹിക്കുന്നവന് കരൾ പറിച്ച് കൊടുക്കാനും തയ്യാറുള്ളവനായിരുന്നു ഒതേനൻ എന്ന് വടക്കൻ പാട്ടുകളിൽ പറയുന്നു.
തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിൽ ഇന്നലെ സന്ധ്യക്ക് നടന്ന ഒതേനന്റെ വെള്ളാട്ടം കാണാൻ വിദേശികളടക്കം ആയിരങ്ങളാണ് എത്തിയത്. സാഹസികമായ ആഭ്യാസമുറകൾ കൊണ്ട് ഒതേനന്റെ വെള്ളാട്ടം വിശ്വാസികളെ വിസ്മയിപ്പിച്ചു. .ലോകനാർകാവിൽ നിന്ന് കൊളുത്തിയ ദീപം ഘോഷയാത്രയായാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിൽ കൊണ്ടുവന്ന് തെളിയിച്ചത്. ഇന്ന് ഒതേനന്റെ തറവാടായ എടക്കണ്ടി തറവാട്ടിൽ നിന്ന് വാൾ കൊണ്ടുവരും. കൊല്ലൻ വരവും തണ്ടൻ വരവുമുണ്ടാകും.
ക്ഷേത്രത്തോട് ചേർന്ന് തച്ചോളി ഒതേനക്കുറുപ്പ് പൈതൃക കളരി പ്രവർത്തിക്കുന്നുണ്ട്.സുരേഷ് ഗുരിക്കളാണ് കളരി നടത്തുന്നത്.ഈ കളരി സംഘവും പത്മശ്രീ മീനാക്ഷി ഗുരുക്കളുടെ സംഘവും തമ്മിൽ ഇന്ന് രാത്രി 9 മണിക്ക് ഏറ്റുമുട്ടും. ഇവിടെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വലിയ കളരി, ശാക് തേയ പൂജകൾ നടക്കുന്നുണ്ട്.അശ്വിൻ കൊയമ്പ്രത്താണ് കാർമികൻ. എട്ട് നാട്ടിലും പേര് കേട്ട മുപ്പത്തിരണ്ടാം വയസ്സിൽ വീരമൃത്യു വരിച്ച വീരന്റെ ഓർമ്മകൾ അങ്ങനെ ഓർമ്മിച്ചെടുക്കുകയാണ് കടത്തനാട്ടുമണ്ണ്.
ചിത്രവിവരണം: തച്ചോളി മാണിക്കോത്ത് ക്ഷേത്രം.
പുള്ളുവൻ ക്ഷേത്രം.
ഒതേന ക്കുറുപ്പ് കളരി