കണ്ണൂർ :ജില്ലാ ആശുപത്രിയിൽ ഹൃദയസംബന്ധിയായ രോഗങ്ങൾക്കായുള്ള പുതിയ കാർഡിയോളജി ഒ.പിക്ക് ഇന്ന് തുടക്കമാവും. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് പുറത്തുനിന്നുള്ള രോഗികളെ ചികിത്സിക്കാൻ ഒ.പി സംവിധാനം പ്രവർത്തിക്കുക. മറ്റു ദിവസങ്ങളിൽ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായ രോഗികൾക്ക് ചികിത്സ ലഭിക്കും.
ഹൃദ്രോഗ നിർണയത്തിനുള്ള മികച്ച ഉപകരണങ്ങളായ എക്കോകാർഡിയോഗ്രാം മെഷീൻ, ഹോൾട്ടർ മോണിറ്റർ, ടി.എം.ടി മെഷീൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ ഒപിയിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ സി.ടി. സ്‌കാൻ ലാബിന് സമീപത്തായാണ് പുതിയ ഒ.പി പ്രവർത്തിക്കുന്നത്.

ടെസ്റ്റ് മുൻഗണനാ വിഭാഗം അല്ലാത്തവർക്ക് പുറത്ത്

ഇക്കോ ടെസ്റ്റ് ₹400 ₹600 ₹1150

ഹേൾഡർ ടെസ്റ്റ് ₹ 600 ₹800 ₹3500

ടി.എം.ടി ₹300 ₹400 ₹700


മന്ത്റി പറഞ്ഞതിനും മുമ്പെ

റെക്കോർഡ് വേഗത്തിലാണ് ജില്ലാ ആശുപത്രിയിൽ കാർഡിയോളജിക്കായി പ്രത്യേക ഒ.പി സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഇവിടത്തെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി .സുമേഷ് പറഞ്ഞു. ആശുപത്രിയിൽ നടന്ന ഒരു ചടങ്ങിൽ മൂന്ന് മാസത്തിനകം ഒരു കാർഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു.

എന്നാൽ ഒരു മാസത്തിനകം തന്നെ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി റിവിഷൻ ചെയ്താണ് പരിശോധനാ ഉപകരണങ്ങൾക്കായുള്ള 35 ലക്ഷത്തിലേറെ രൂപ കണ്ടെത്തി ഒരു മാസത്തിനകം അവ ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റ് നാല് ജില്ലാ ആശുപത്രികളിൽ മാത്രമേ കാർഡിയോളജി വിഭാഗത്തിൽ ഇത്രയേറെ പരിശോധനാ സംവിധാനമുള്ളുവെന്നും കെ.വി.സുമേഷ് കൂട്ടിച്ചേർത്തു.

ഇക്കോ ടെസ്റ്റ് -ഹൃദയത്തിന്റെ പ്രവർത്തനം വിശദമായി ചിത്രീകരിക്കാൻ

ഹോൾട്ടർ മോണിറ്ററിംഗ് -24 മണിക്കൂർ നേരത്തേക്ക് രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിച്ച് രോഗസാധ്യത കണ്ടെത്താൻ

ടി.എം.ടി -ഹൃദയത്തിന്റെ ആരോഗ്യം അളക്കാൻ


ബൈറ്റ്

പുതിയ ഒപി പ്രവർത്തനമാരംഭിക്കുന്നതോടെ ഹൃദ്രോഗ ചികിൽസാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ജില്ലാ ആശുപത്രിക്ക് സാധിക്കും മിതമായ നിരക്കിലാണ് പരിശോധനാ സൗകര്യം ലഭ്യമാക്കുക. പരിശോധനാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ടെക്‌നീഷ്യൻമാരെ നിയമിക്കുന്നതിനുമുള്ള ചെലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് തുക ഈടാക്കുന്നത്-സൂപ്രണ്ട് ഡോ. വി കെ രാജീവൻ .