പാലക്കുന്ന് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന ആയിരത്തിരി മഹോത്സവത്തിന് സാക്ഷികളാകാൻ എത്തിയത് ആയിരങ്ങൾ.വിവിധ പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടന്ന കാഴ്ചകളുടെ സമർപ്പണത്തിന് ശേഷമാണ് ആയിരത്തിരി മഹോത്സവം നടന്നത്.
ആയിരത്തിരി സമർപ്പണത്തിന് ശേഷം തിടമ്പും തിരുവായുധങ്ങളും ധരിച്ച കർമ്മികളും നർത്തകരും കൈവിളക്കുകളുമായി ഒരു പ്രദക്ഷിണം വെച്ച ശേഷം ചുമടുമായ്ക്കൽ നടത്തി. പിന്നീട് വീണ്ടും ഒരു ചുറ്റ് പ്രദക്ഷിണം നടത്തി വടക്കേ ഭാഗം ചുമടുമായ്ച്ചു. രണ്ടു പ്രദക്ഷിണം കൂടി വെച്ച ശേഷം തിടമ്പുകൾ പള്ളിയറയിൽ കയറ്റി. ശേഷം നർത്തകർ കിഴക്കേ പടിപ്പുരയിൽ ചെന്ന് കോയ്മമാർക്ക് പ്രസാദം ചേർത്തി തൃക്കണ്യാവിലപ്പനെയും ശാസ്താവിനേയും വന്ദിച്ചു തെയ്യങ്ങൾ ഇരിപ്പിലായി ഭക്തർക്ക് പ്രസാദം നൽകി.
സന്ധ്യാദീപം, കലശാട്ട്, കൊടിയില വെക്കൽ , നിവേദ്യ സമർപ്പണം , തേങ്ങയേറ്, പൂരക്കളി, കളംവരയ്ക്കൽ എന്നിവക്ക് ശേഷമാണ് രാത്രി തിരുമുൽ കാഴ്ച സമർപ്പണം ഭക്തിപുരസ്സരം നടന്നത്. പിന്നീടാണ് ആയിരത്തിരി ശ്രീബലി ആരംഭിച്ചത്. കെട്ടിച്ചുറ്റിയ നർത്തകന്മാർ താഴെ ഭണ്ഡാര വീട്ടിൽ ചെന്ന് കലശം കയ്യേറ്റു ഭരണികുഞ്ഞിന്റെ സാന്നിധ്യത്തിൽ തിരിച്ചെഴുന്നള്ളി മറ്റു ചടങ്ങുകൾ ആരംഭിച്ചു. ദാരിക നിഗ്രഹത്തിന് ശേഷം വിജയാഘോഷമായാണ് ആയിരത്തിരി കൊണ്ടാടുന്നത്.
നോറ്റിരുന്ന കുഞ്ഞുങ്ങൾ അടക്കമുള്ള ആയിരത്തിരി എഴുന്നള്ളത് 11 പ്രദക്ഷിണം വെച്ചാണ് കലശ കയ്യേറ്റ ശേഷം ദണ്ഡൻ പള്ളിയറക്ക് സമീപം സമർപ്പിക്കുന്നത്. ആദ്യം ഭരണികുഞ്ഞിയിൽ നിന്നും പിന്നീട് മറ്റു കുഞ്ഞുങ്ങളിൽ നിന്നും കുത്തിയ പച്ചരിയും പൂക്കുലയും തേങ്ങ, വെറ്റിലടക്കയും വെച്ച് തേങ്ങയുടെ മുകളിൽ ദീപം കത്തിച്ചുവച്ച താലങ്ങൾ കയ്യേറ്റ് പ്രദക്ഷിണം വെച്ച ശേഷം പള്ളിയറയിൽ സമർപ്പിച്ചു. തുടർന്ന് വടക്കേം വാതിൽ ചടങ്ങുകൾ നടന്നു. പുലർച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളിയതോടെയാണ് ഭരണിമഹോത്സവത്തിന് സമാപനമായത്.