പയ്യന്നൂർ: സർവകലാശാലകളിലെ അക്കാഡമിക് സ്വയംഭരണം ഇല്ലാതാക്കുന്നതിന് സർക്കാർ നീക്കം നടത്തുകയാണെന്നുംപരീക്ഷാ നടത്തിപ്പിലും ദൈനംദിന കാര്യങ്ങളിലും സർക്കാർ നേരിട്ട് ഇടപെടുന്നത് ഇതിന്റെ ഭാഗമാണെന്നും ഡി.സി.സി.പ്രസിഡന്റ്സതീശൻ പാച്ചേനി ആരോപിച്ചു.

ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ കാനായിയിൽ നടന്ന ത്രിദിന സംസ്ഥാന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസവും സർവ്വകലാശാലകളും എന്ന വിഷയത്തിൽ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേർസ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ഗംഗാധരൻ ക്ലാസെടുത്തു.ക്യാമ്പ് പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കണ്ണൂർ സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ ബാബു ചാത്തോത്ത് നിർവ്വഹിച്ചു.

ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ.എൽ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.ജെ.സെബാസ്റ്റ്യൻ,ഷാജി ഖാൻ, എം.ജി സുമേഷ്,ജയൻ ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കൂട്ടായ്മകളിലൂടെ നാടിന്റെ മതനിരപേക്ഷത ഉറപ്പാക്കണം: മന്ത്രി ശൈലജ.

പാനൂർ:സാംസ്‌കാരിക കൂട്ടായ്മകളിലൂടെ മാത്രമേ ഒരു മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. സി.പി.എം കരിയാട് ലോക്കൽ മുക്കാളിക്കര, ഇഎംഎസ് നഗർ, കാഞ്ഞിര കടവ് ബ്രാഞ്ചുകളുടെ സംയുക്താതാഭിമുഖ്യത്തിൽ നടന്ന സാംസ്‌ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇടതുപക്ഷം മനുഷ്യ പക്ഷത്ത് ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ് വർഗീയതയുടെ വിത്തുകൾ കേരളത്തിൽ മുളച്ചു വരാത്തത്. മത മൗലികവാദികളിൽ നിന്നും ഫാസിസ്റ്റ് സംഘടനകളിൽ നിന്നും നാടിന്റെ രക്ഷക്കെത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. നാടിന്റെ നാനാഭാഗത്തും വികസനത്തിന്റെ വൻ പദ്ധതികളാണ് ഇടതുപക്ഷം നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി കൺവീനർ പികെ നിജീഷ് അദ്ധ്യക്ഷത വഹിച്ചു സി.പി. എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുല്ല, കരിയാട് ലോക്കൽ സെക്രട്ടറി വികെ ശശിന്ദ്രൻ, എം സുധാകരൻ, പികെ സൗമിനി, ഇകെ മനോജ് എന്നിവർ സംസാരിച്ചു. അനുബന്ധമായി നടന്നകമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കുടംബ സംഗമം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതിദേവി ഉദ്ഘാടനം ചെയ്തു.