പ്രശ്നപരിഹാരത്തിനായി ഉന്നതതലയോഗം തിരുവനന്തപുരത്ത്

അടിപ്പാതയിലെ വെള്ളക്കെട്ട് ഗതാഗതം സാധ്യമല്ലാതാക്കി

പിലിക്കോട്: ചന്തേര പടിഞ്ഞാറെ കരയിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനായി പണിത റെയിൽവെ അടിപ്പാത പ്രായോഗികമല്ലാത്ത അവസ്ഥയിലായതോടെ, ഈ യാത്രാമാർഗ്ഗം എങ്ങിനെ ഉപയോഗപ്പെടുത്താനാകുമെന്ന ആലോചനയുമായി അധികൃതർ രംഗത്ത്. അടിപ്പാത വഴിയുള്ള ഗതാഗത സൗകര്യത്തിനായി എന്തു സംവിധാനമൊരുക്കാൻ കഴിയുമെന്ന കാര്യത്തെക്കുറിച്ച് നേരിട്ട് അന്വേഷണം നടത്താൻ എം. രാജഗോപാലൻ എം.എൽ.എ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ, ജില്ലാ കളക്ടർ ഡി. സജിത് ബാബു തുടങ്ങിയവർ ഇന്നലെ രാവിലെ ചന്തേര അടിപ്പാത സന്ദർശിച്ചു. സാദ്ധ്യതകൾ പരിശോധിച്ച് റെയിൽവെ സാങ്കേതിക വിദഗ്ധർ അടക്കമുള്ളവരുമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന യോഗത്തിൽ അവതരിപ്പിക്കാനാണ് ഇവരുടെ തീരുമാനം. വെള്ളക്കെട്ട് മൂലം ഇതുവഴി വാഹന ഗതാഗതം സാദ്ധ്യമല്ലാതായതോടെയാണ് ചന്തേര അടിപ്പാത ഉപേക്ഷിക്കപ്പെട്ടത്.

അധികം വൈകാതെ തിരുവനന്തപുരത്ത് റെയിൽവേ അധികൃതരുമായി ചേർന്ന് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ പറഞ്ഞു.

വരും മൂന്നാം പാത

നിലവിലുള്ള റെയിൽപ്പാതയുടെ പടിഞ്ഞാറുവശത്തുകൂടി മൂന്നാമത്തെ റെയിൽ പാത കൂടി കടന്നു പോകേണ്ടതുണ്ട്. ഭാവിയിൽ ഉണ്ടാകുന്ന ഇത്തരം വികസന പദ്ധതികൾ കൂടി കണക്കിലെടുത്തേ എന്തു നിർമ്മാണവും ഇവിടെ സാദ്ധ്യമാവുകയുള്ളൂ.

മേൽപ്പാലം വേണമെന്ന് നാട്ടുകാർ

നിലവിൽ അടിപ്പാത പ്രായോഗികമല്ലാതായതോടെ മേൽപ്പാലം പണിയുകയെന്നതാണ് കരണീയമായിട്ടുള്ളതെന്നാണ് നാട്ടുകാരുടെ പക്ഷം. പടിഞ്ഞാറു ഭാഗത്തെ ജനവാസ കേന്ദ്രവുമായി ബന്ധപ്പെട്ട സ്ഥലപരിമിതികളുടെ പ്രശ്നം പരിഹരിക്കുന്നതോടൊപ്പം റെയിൽവേയുടെ അനുമതിയും അംഗീകാരവും ലഭിച്ചാൽ ചന്തേരയിൽ മേൽപ്പാലം നിർമ്മാണത്തിന് പച്ചക്കൊടി ഉയരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അതോടൊപ്പം ഇതേ പ്രതികൂല സാഹചര്യം നേരിടുന്ന തലിച്ചാലം, മയ്യിച്ച അടിപ്പാതകളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്.

എന്തു പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഇതിനായി സാദ്ധ്യതാപഠനം നടത്തേണ്ടതുണ്ട്. അടിയന്തര പ്രാധാന്യത്തോടെ ചന്തേരയിലെ പ്രശ്നം പരിഹരിക്കും

എം. രാജഗോപാലൻ എം.എൽ.എ