fatty-liver

ശരീരത്തിലെ അതിപ്രധാന അവയവമായ കരളിനെ പിടികൂടുന്ന ഫാറ്റി ലിവർ ഇന്ന് സർവസാധാരണമായിരിക്കുന്നു. ശരീരത്തിലെത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുകയാണ് കരളിന്റെ ധർമ്മം. ദഹിച്ച എല്ലാ ആഹാര പദാർത്ഥങ്ങളും ഗ്ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തുന്നു. ശരീരത്തിന് ആവശ്യമായ ഗ്ളൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ ശേഖരിച്ചുവയ്ക്കുന്നു. എന്നാൽ പിന്നീടുള്ള ഉപയോഗത്തിനായി ഇങ്ങനെ ശേഖരിക്കുന്നതിലുമപ്പുറം ഗ്ളൂക്കോസ് കരളിൽ എത്തിയാൽ, കൊഴുപ്പായി മാറ്റപ്പെടുന്ന ഇവ വിതരണം ചെയ്യാനാകാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. സാധാരണ മദ്യപരിൽ ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിന് പുറമെ തെറ്റായ ജീവിതരീതിയും നമ്മെ ഫാറ്റി ലിവറിലേക്ക് എത്തിക്കുന്നു.

ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നില്ല. എന്നാൽ കരൾ രോഗങ്ങളിലേക്കുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഫാറ്റി ലിവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം. ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് ഡിസീസ് തുടങ്ങിയ കരൾ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനുള്ള സാധ്യതയാണ്.

തുടക്കത്തിൽ ഫാറ്റി ലിവറിന് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. രോഗം മൂർഛിക്കുമ്പോൾ അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നിവ ചിലരിൽ അനുഭവപ്പെടാറുണ്ട്.

ഡോ. ശില്പ എം.വി,​

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ.

ഫോൺ: 9846366000.