മലപ്പട്ടം : വൈകല്യങ്ങൾ മറന്ന് ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോവകയാണ് മലപ്പട്ടത്തെ പ്രജീഷ്. ജന്മനാ ഭിന്നശേഷിക്കാരനായ പ്രജീഷ് ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് തന്റെ ജീവിതം സുന്ദരമാക്കുകയാണ്.
വഴിത്തിരിവായത് ഫ്ളൈ ചാരിറ്റബിൾ ട്രസ്റ്റ്
മസ്‌കുലർ അഡ്രോവൻ എന്ന രോഗം ബാധിച്ച് ജന്മനാ ഭിന്നശേഷിക്കാരനായി ജനിച്ച പ്രജീഷ് ഇരുണ്ട മുറിക്കുള്ളിൽ ജീവിച്ചു തീർക്കുകയായിരുന്നു കുറച്ചുനാൾ വരെ.
അങ്ങനെയാണ് 2006 ൽ ഫ്‌ളൈ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്യാമ്പിൽ പങ്കെടുക്കുന്നത്.അതാണ് തന്റെ ജീവിതത്തിലെ നിർണായക നിമിഷമെന്ന് പ്രജീഷ് പറയുന്നു. എല്ലാവരെയും ഒരുപോലെ കാണുന്ന ഒരിടം. അതായിരുന്നു ഫ്‌ളൈ ചാരിറ്റബിൾ ട്രസ്റ്റ്. മാനസികമായി ഒതുങ്ങി ജീവിക്കുന്നവരെ ഉയർത്തിക്കൊണ്ട് വരിക എന്നതാണ് ഫ്‌ളൈയുടെ ലക്ഷ്യം. തുടർന്ന് എസ് ഐ പി സി എന്ന ഓർഗനൈസേഷനിൽ നിന്ന് നിരവധി ഉത്പന്നങ്ങൾ ഉണ്ടാകുവാൻ പഠിക്കുകയും ചെയ്തു.
പരേതനായ കുഞ്ഞിക്കണ്ണന്റെയും പത്മാവതിയുടെയും അഞ്ചു മക്കളിൽ ഇളയ മകനാണ് പ്രജീഷ്.സഹോദരി പ്രശാന്തിയും ജന്മനാ ഭിശേഷിക്കാരിയാണ്. വീട് തന്നെയാണ് പ്രജീഷിന്റെയും പ്രശാന്തിയുടെയും അക്ഷര ലോകം.വിദ്യാലയത്തിൽ പോയി പഠിക്കുവാനുള്ള ബുദ്ധിമുട്ട് കാരണം വീട് തന്നെ തങ്ങളുടെ വിദ്യാലയമായി മാറി. പേപ്പർ പേന,കുട, സോപ്പ് പൊടി, ഫെനോയിൽ തുടങ്ങിയവ നിർമ്മിക്കാൻ തുടങ്ങി. ആറ് വർഷത്തോളമായി ഇത്തരം ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ തുടങ്ങിയിട്ട്. അടുത്തുള്ള വീടുകളിലും കടകളിലും ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.നല്ലൊരു ഗായകൻ കൂടിയായ പ്രജീഷ് ടി വി കോമഡി ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. പയ്യന്നൂർ ഫ്‌ളൈ മ്യൂസിക് ഗ്രൂപ്പിലെ അംഗമാണ് പ്രജീഷ്.ഇവരോടൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്.