കൗൺസിൽ യോഗം ഇന്നലെ
ഉച്ചയ്ക്ക് 12.10 ന് യോഗം ആരംഭിച്ചു
മൂന്നിന് പിരിഞ്ഞു
3.30 ന് വീണ്ടും തുടങ്ങി
4.45ഓടെ അവസാനിച്ചു
കണ്ണൂർ: വാക്കേറ്റവും ബഹളവുമൊഴിയാതെ കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗം. കഴിഞ്ഞ കൗൺസിൽ യോഗത്തിന്റെ വഴിപിടിച്ചുണ്ടായ സംഭവങ്ങളാണ് ഇന്നലെ നടന്ന കൗൺസിൽ യോഗത്തെ ബഹളമയമാക്കിയത്.
കഴിഞ്ഞ കൗൺസിലിൽ മേയർ സുമ ബാലകൃഷ്ണനെ ചേമ്പറിൽ കയറി ആക്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായി പെരുമാറുകയും ചെയ്തു എൽ.ഡി.എഫ് കൗൺസിലർമാരിൽ ചിലരുടെ നടപടിയിൽ കൗൺസിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന യു.ഡി.എഫ് പ്രമേയമാണ് തർക്കത്തിൽ കലാശിച്ചത്.
എന്നാൽ പ്രമേയത്തിൽ ഭേദഗതി വരുത്തി പരിക്കേറ്റ മുൻ മേയർ ഇ.പി. ലത,കെ. പ്രമോദ്, കെ. റോജ, കെ. കമലാക്ഷി, വിനീത എന്നിവരെ കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തി ഭേദഗതി ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് ബഹളത്തിനിടയാക്കിയത്.
ഹാളിൽ നടന്ന സംഭവങ്ങളല്ല, പകരം മേയറുടെ ചേമ്പറിനുള്ളിൽ നടന്ന അക്രമ സംഭവങ്ങളാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. വികസന സെമിനാറിനു മുന്നോടിയായി കരട് പദ്ധതി അംഗീകരിക്കുന്നതിനു വിളിച്ചു ചേർത്ത യോഗത്തിലാണ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ മോഹനൻ പ്രമേയം അവതരിപ്പിച്ചത്. സി. സമീറാണ് പിൻതാങ്ങിയത്.
മറ്റ് പ്രമേയങ്ങൾ ഒന്നും തന്നെ യോഗത്തിൽ ചർച്ചയ്ക്കെത്തിയില്ല. മേയർ സുമാ ബാലകൃഷ്ണൻ പൊലീസ് പരാതിയിൽ ഉൾപ്പെട്ടതിനാൽ ചട്ടപ്രകാരം യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതു കൊണ്ട് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ മേയർ സ്ഥാനം ഏറ്റെടുക്കാൻ നിർദേശിക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട കെ.പ്രമോദ്, മുരളീധരൻ തൈക്കണ്ടി, എം. രാജീവൻ എന്നിവരെയും യോഗത്തിൽ നിന്നും മാറ്റി നിർത്തി.
ചട്ടപ്രകാരം യോഗത്തിൽ നിന്ന് പുറത്ത് പോകാൻ ഡയസിൽ നിന്നെഴുന്നേറ്റ മേയറെ കാര്യം മനസ്സിലാക്കാതെ പ്രതിപക്ഷ കൗൺസിലർമാർ കൂവി വിളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മേയറുടെ ഗൗൺ ധരിച്ചെത്തിയ പി.കെ.രാഗേഷിന്റെ നേരെയും എൽ.ഡി.എഫ് കൗൺസിലർമാർ കൂവൽ തുടർന്നു.പിന്നീട് മേയറുടെ ഡയസിൽ ഇരുന്ന ഡെപ്യൂട്ടി മേയർ പ്രതിപക്ഷ ബഹളത്തിനിടെ പ്രമേയം ശബ്ദ വോട്ടിംഗിലൂടെ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ടി.ഒ മോഹനനെതിരെ പ്ലകാർഡുമായി പ്രതിപക്ഷം
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ മോഹനനെതിരെ പ്ലകാർഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. മേയറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ചുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോഴാണ് മുദ്രാവാക്യവുമായി പ്ലകാർഡ് ഉയർത്തി പ്രതിപക്ഷം യോഗത്തിലിരുന്നത്. 19ന് കൗൺസിൽ ഹാളിൽ നടന്ന അക്രമത്തിൽ ടി.ഒ മോഹനൻ കൗൺസിലർ പ്രമോദിനെ ആക്രമിക്കുന്ന പടത്തോടൊപ്പം ഗുണ്ടാതലവൻ ടി.ഒ മോഹനൻ രാജിവയ്ക്കുക എന്നെഴുതിയ പ്ലകാർഡാണ് ഉയർത്തിയത്.
ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്കും തയാറാണ്. ചർച്ചയിൽ ഭൂരിഭാഗവും അർധസത്യങ്ങളും അസത്യവുമാണ് പലരും പറഞ്ഞത്. അന്നത്തെ സംഭവം എനിക്ക് വലിയ ആഘാതമാണുണ്ടാക്കിയത്.
മേയർ സുമ ബാലകൃഷ്ണൻ
മന്ത്രിയുമായി ചർച്ച നാളെ
കോർപ്പറേഷൻ ജീവനക്കാരുടെ പ്രശ്നം പരിഹരിച്ച് സമരം അവസാനിപ്പിക്കുന്നതിന് നാളെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനുമായി ചർച്ച നടത്തും.