കാഞ്ഞങ്ങാട്: ഐതിഹ്യമുറങ്ങുന്ന കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം തുളുർവനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവ ചടങ്ങുകളുടെ ഭാഗമായി കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം പൂക്കാർ ഇന്നലെ ദീപാരാധനയ്ക്കു ശേഷം യാത്രതിരിച്ചു.
ആചാരപ്പെരുമകളോടെ ഗോത്രസ്മൃതി ഉണർത്തി പൂക്കൊട്ടയും തലയിലേന്തി ആചാര സ്ഥാനികരും മറ്റുമടങ്ങുന്ന സംഘം പരമ്പരാഗത നാട്ടുപാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് തുളുർവനം ക്ഷേത്രത്തിലെത്തുക. വിവിധ കാവുകളിൽ നിന്നു ഉപചാരമേറ്റുവാങ്ങുന്ന സംഘത്തെ ഇന്ന് വൈകുന്നേരം പാണത്തൂർ കാട്ടൂർ തറവാട്ടിൽ വിളക്കും തളികയുമായി എതിരേൽക്കും. ക്ഷേത്രപാലകനും മുന്നായരീശ്വരനും പുലിദൈവങ്ങളും കുടികൊള്ളുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തു നിന്നുമുള്ള പൂകൊട്ടയിൽ മുന്നായരീശ്വരൻ കുടികൊള്ളുന്നുവെന്നാണ് ഇതിന്റെ പിന്നിലുള്ള ഐതിഹ്യം. പച്ചയോലകൊണ്ട് മൊടഞ്ഞ കൊട്ടയിൽ ചെക്കിപൂ നിറച്ച് പ്രത്യേകം നിയോഗിച്ച വാല്യക്കാരനാണ് സംഘത്തോടൊപ്പം പൂക്കൊട്ട തലയിലേറ്റി നടക്കുക. ചെക്കിപ്പൂ കലശതട്ട് അലങ്കരിക്കുന്നതിനും മറ്റു അനുഷ്ഠാനങ്ങൾക്കും ഉപയോഗിക്കും.
ഇന്ന് സന്ധ്യയോടെ സംഘം മഞ്ഞടുക്കം കോവിലകത്ത് എത്തിച്ചേരും. കളിയാട്ട സമാപനം വരെ അവിടെ തങ്ങുന്ന സംഘം മാർച്ച് ഒന്നിനാണ് കിഴക്കുംകര ദേവസ്ഥാനത്ത് തിരിച്ചെത്തുക.