കൂത്തുപറമ്പ് :നഗരസഭയിലെ എലിപ്പറ്റിച്ചിറ-പാറാൽ റോഡ് ടാറിംഗ് എഗ്രിമെന്റിന് വിരുദ്ധമാണെന്നാരോപിച്ച് നാട്ടുകാർ തടഞ്ഞു. 750 മീറ്റർ റോഡ് പൂർണമായും ടാറിംഗ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നഗരസഭാ ചെയർമാൻ എം.സുകുമാരൻ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പ്രവൃത്തി പുനരാരംഭിച്ചു.
എലിപ്പറ്റിച്ചിറ മുതൽ പാറാൽ വരെയുള്ള 750 മീറ്റർ റോഡ് ടാറിംഗിനെച്ചൊല്ലിയാണ് തർക്കം. എസ്.ബി.ഐ.മുതൽ ക്വാർട്ടേഴ്സ് വരെയുള്ള 400 മീറ്റർ ഭാഗത്തെ ടാറിംഗാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം അവസാനഘട്ട ടാറിംഗ് ആരംഭിക്കുന്ന ഘട്ടത്തിൽ ഏതാനും പേർ സ്ഥലത്തെത്തി തടയുകയാണുണ്ടായത്.
12 ലക്ഷം രൂപയാണ് നഗരസഭാ ഫണ്ടിൽ ഉൾപ്പെടുത്തി എലിപ്പറ്റിച്ചിറ-പാറാൽ റോഡ് നവീകരണത്തിന് നീക്കിവച്ചിരുന്നത്. മൂന്ന് മീറ്റർ വീതിയിൽ ടാറിംഗിനായിരുന്നു നഗരസഭാ അധികൃതർ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. പ്രദേശവാസികളുടെ നിർദ്ദേശത്തെ തുടർന്ന് റോഡ് 5 മീറ്ററാക്കി വീതി വർദ്ധിപ്പിക്കുകയായിരുന്നു. 3 മീറ്ററിന് പകരം 4 മീറ്റർ ടാറിംഗും ഒരു മീറ്റർ കോൺക്രീറ്റും ചെയ്യേണ്ടി വന്നതുകൊണ്ടാണ് ടാറിംഗ് 400 മീറ്ററായി ചുരുക്കേണ്ടി വന്നതെന്ന് നഗരസഭാ ചെയർമാൻ എം.സുകുമാരൻ പറഞ്ഞു.