കൂത്തുപറമ്പ്: സി.പി.എം പ്രവർത്തകനെ മർദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈതേരി തേൻപുളിയിലെ എം.കെ. പ്രണവി (20)നെയാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നെലെ വൈകിട്ട് മൂന്നര മണിയോടെ കൈതേരിയിൽ വച്ചാണ് എം.കെ.പ്രണവിന് നേരെ അക്രമമുണ്ടായത്. വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമം.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതിനാൽ പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കൈക്കും തലയ്‌ക്കുമാണ് പ്രണവിന് പരുക്കേറ്റത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.അക്രമത്തിന് പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് സി.പി.എം.നേതാക്കൾ ആരോപിച്ചു.