തലശ്ശേരി: വടക്കൻ പാട്ടിലെ മതിരൂർ ഗുരുക്കൾ തന്നെയാണ് പൊന്ന്യത്തങ്കത്തിലെ കതിരൂർ ഗുരുക്കളെന്ന് നാടൻ കലാ ഗവേഷകനായ ഒഞ്ചിയം പ്രഭാകരൻ അഭിപ്രായപ്പെട്ടു. മൂന്ന് നാളുകളിലായി നടന്ന പൊന്ന്യത്തങ്കം ആരുമാരും ജയിക്കാതെ വന്നപ്പോൾ, പൂഴിക്കടകനിലൂടെയാണ് ഒതേനൻ എതിരാളിയായ കതിരൂർ ഗുരുക്കളെ വധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻപാട്ടിൽ അതിശയോക്തിയും, അതിഭാവുകത്വവുമുണ്ടാകാമെങ്കിലും ഒരു കാലഘട്ടത്തിന്റെ ചരിത്രം ഉൾച്ചേർന്നിരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊന്ന്യത്തങ്കക്കളരിയിൽ, കതിരൂർ ഗുരുക്കൾ -തച്ചോളി ഒതേനൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ പി. ജയരാജൻ ഉദ്ടനം ചെയ്തു. പത്മശ്രീ മീനാക്ഷി ഗുരുക്കൾ വിശിഷ്ടാതിഥിയായി. കീച്ചേരി രാഘവൻ പ്രസംഗിച്ചു. തുടർന്ന് ഉജ്ജയിൻ കളരി നലം, അൽ-മുബാറക്ക് കളരി സംഘം എന്നിവർ അവതരിപ്പിച്ച ഗംഭീര കളരിപ്പയറ്റുമുണ്ടായി.രാജസൂയം കോൽക്കളി, മാർഗ്ഗംകളി എന്നിവയുമുണ്ടായി. ഇന്ന് വൈകീട്ട് 6.30ന് കേരളത്തിന്റെ കളരി പാരമ്പര്യത്തെക്കുറിച്ച് എൻ.ജയകൃഷ്ണൻ പ്രഭാഷണം നടത്തും. 7.30 ന് കളരിപ്പയറ്റ്.കഥാപ്രസംഗം, വനിതാ പുരക്കളി,തച്ചോളി പാട്ട് എന്നിവ ഉണ്ടായിരിക്കും. പടം: തച്ചോളി മാണിക്കോത്ത് ഇന്നലെ നടന്ന തച്ചോളി ഒതേന ക്കുറുപ്പ് തെയ്യം