90 ലക്ഷം രൂപ എസ്റ്റിമേറ്റ്
മലിനജലം ഒഴുക്കിക്കളയാനുള്ള സൗകര്യവും പുതിയ ശൗചാലയവും പണിയും
തൃക്കരിപ്പൂർ: വെയിലത്തും മഴയത്തും കുടപിടിച്ചുള്ള മീൻ വിൽപ്പന ഇനി തൃക്കിരപ്പൂരിൽ കാണില്ല. തൃക്കരിപ്പൂർ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മത്സ്യ മാർക്കറ്റ് പണിയാനുള്ള ടെൻഡർ നടപടി പൂർത്തിയായി.
തൃക്കരിപ്പൂരിലെ മത്സ്യത്തൊഴിലാളികളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു നവീന രീതിയിലും സൗകര്യത്തോടും കൂടിയുള്ള മാർക്കറ്റ് കെട്ടിടം പണിയുക എന്നത്. പഴയ കെട്ടിടത്തിലെ സൗകര്യം തീരെ കുറഞ്ഞതോടെ വിൽപ്പന മാർക്കറ്റിനു പുറത്തു വെച്ചായിരുന്നു. സ്ത്രീ തൊഴിലാളികളടക്കമുള്ളവർ വെയിലും മഴയും കൊണ്ടാണ് മത്സ്യവിൽപ്പന നടത്തിയിരുന്നത്.
പ്രതികൂല കാലാവസ്ഥയിലും ജോലി ചെയ്തുവരുന്ന തൊഴിലാളികൾ മാർക്കറ്റിന്റ ശോചനീയാവസ്ഥ പഞ്ചായത്തിന്റ മുന്നിൽ നിരവധി തവണ എത്തിച്ചെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. മാർക്കറ്റിന് സമീപത്തെ പഴയ ഇരുനില കെട്ടിടം പൊളിച്ചുമാറ്റി 8 സെന്റ് സ്ഥലം പൊന്നും വിലയ്ക്ക് വാങ്ങി മാർക്കറ്റ് പണിയാമെന്ന ആലോചന പഞ്ചായത്ത് അധികൃതർ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. നൂറു കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും ആശയിക്കുന്ന തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിന്റെ നിർമ്മാണം ഉടനെ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ.
കെട്ടിടം ഇങ്ങനെ
താഴെയും മുകളിലുമായുള്ള കെട്ടിടമാണ് മാർക്കറ്റിനായി പണിയുക. താഴത്തെ നില കോൺക്രീറ്റും മുകളിൽ ഷീറ്റിട്ടുമാണ് കെട്ടിട നിർമാണം പൂർത്തിയാക്കുക. കോൺക്രീറ്റ് തൂണുകളിൽ ഷീറ്റിട്ട് നിർമ്മിച്ച പഴയ മാർക്കറ്റ് കെട്ടിടം പൊളിച്ചു മാറ്റിയാണ് തൽസ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നത്. മത്സ്യവുമായി എത്തുന്ന വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഉണ്ടാകും.