കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ ഇട്ടമ്മൽ പൊയ്യക്കര റോഡ് പ്രവൃത്തി നാളെ പകൽ മൂന്നിന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. 2018-19 ബജറ്റിൽ ഉൾപ്പെടുത്തി കാസർകോട് വികസന പാക്കേജിലാണ് ഏഴര കോടി രൂപ ചെലവിൽ റോഡ് നിർമിക്കുന്നത്.
കാൽനടക്കാർക്കായി ഇന്റർലോക്ക് ചെയ്ത നടപ്പാതയും ഒരുക്കും. ആധുനിക രീതിയിലുള്ള മെക്കാഡം ടാറിംഗ് പ്രവൃത്തി പൂർത്തിയാകുന്നതോടെ തീരദേശമേഖലയിലെ ആയിരങ്ങൾക്ക് പട്ടണവുമായി ബന്ധപ്പെടാൻ എളുപ്പമാർഗമാകും. വാർത്താസമ്മേളത്തിൽ സംഘാടക സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകാരൻ കുന്നത്ത്, മറ്റ് ഭാരവാഹികളായ കമലാക്ഷൻ കൊളവയൽ, കാറ്റാടി കുമാരൻ, സി. കുഞ്ഞബ്ദുള്ള എന്നിവർ സംബന്ധിച്ചു.