ആലക്കോട് :ജില്ലയിൽ മലയോരമേഖലയുടെ സിരാകേന്ദ്രമാണ് ആലക്കോട് . ആലക്കോടിന്റെ ശിൽപി പി. ആർ. രാമവർമ്മരാജ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാൻഡ് ഇങ്ങനെ അവഗണിക്കപ്പെടുന്നതിന് പിന്നിൽ ആരെന്ന ചോദ്യം രണ്ട് പതിറ്റാണ്ടായി നാട്ടുകാർക്ക് മുന്നിലുണ്ട്. ഇക്കാര്യത്തിൽ പരസ്പരം പഴിചാരുകയാണ് ഇരുമുന്നണികളിലെയും പ്രബലകക്ഷികൾ.

സ്റ്റാൻഡിലേക്ക് ബസ് കയറാത്തത് പഞ്ചായത്ത് ഭരണസമിതിക്കോ പ്രതിപക്ഷത്തിനോ ഒരു വിഷയമേയല്ല. സ്റ്റാൻഡിന്റെ വികസനം മുന്നിൽ കണ്ട് ഇവിടെ സ്ഥലം വാങ്ങിയും മുറികൾ വാടകയ്ക്ക് എടുത്തും കച്ചവടം തുടങ്ങിയ നിരവധിയാളുകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്.

ഹൈക്കോടതി പറഞ്ഞിട്ടും

ആലക്കോട് റൂട്ടിൽ സർവ്വിസ് നടത്തുന്ന എല്ലാ ബസ്സുകളും ഈ ബസ്സ് സ്റ്റാൻഡിൽ കയറണമെന്ന ഹൈക്കോടതി ഉത്തരവിന്റെ കോപ്പി പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും കൈയിലുണ്ട്. ടൗണിൽ ഒരിടത്തും ബസ് വേ നിലവിൽ ഇല്ല.എന്നാൽ ഇതെ ടൗണിൽ നാലിടത്ത് ബസുകൾ നിർത്തുന്നുണ്ട്.

20 കഴിഞ്ഞു

കഴിഞ്ഞ 20ാം തീയതി മുതൽ ആലക്കോട് ബസ് സ്റ്റാൻഡിൽ സ്ഥിരമായി ബസ് കയറുന്നതിന് സംവിധാനമൊരുക്കുമെന്നുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനവും വെറുതെയായി. സ്റ്റാൻഡ് ഫീസ് പിരിച്ചെടുക്കാൻ ടെൻഡർ പിടിച്ചയാൾ ബസുകളെ തേടി നടക്കേണ്ട അവസ്ഥയാണ്. ബസുകൾ നിറുത്തുന്ന സ്ഥലംതേടിനടപ്പാണ്.